കട്ടപ്പന: കേന്ദ്ര ബജറ്റിൽ പശ്ചിമ ബംഗാളിനും ആസമിനും തേയിലക്കൃഷിക്കായി ആയിരം കോടി രൂപ വകയിരുത്തിയപ്പോൾ രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന കേരളവും തമിഴ്‌നാടും പുറത്തായി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉത്പ്പാദനം 40 ശതമാനം കുറഞ്ഞ സാഹചര്യത്തിൽ, തേയിലക്കൃഷി പുനരുദ്ധാരണ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം കേരളത്തിലെ കർഷകർ മുന്നോട്ടുവച്ച ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പാക്കേജാണ് ബംഗാളിനും ആസാമിനുമായി പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ പ്രളയങ്ങൾക്കും കൊവിഡ് പ്രതിസന്ധിക്കും പുറമേ കാലാവസ്ഥ വ്യതിയാനവും മൂലം മൂന്നു വർഷത്തിലധികമായി കേരളത്തിലെ തേയില ഉത്പ്പാദനം കുറഞ്ഞിരിക്കുകയാണ്.
കേരളത്തിൽ 27 ശതമാനം

കേരളത്തിനു പുറമേ തമിഴ്‌നാട്, ബംഗാൾ, ആസാം, ഉത്തരാഖണ്ഡ്, ത്രിപുര, നാഗാലാൻഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉത്പ്പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. ഏറ്റവും ഗുണനിലവാരമുള്ള തേയില കൃഷി ചെയ്യുന്ന കേരളത്തെയും ഉത്പ്പാദനത്തിൽ മുൻപന്തിയിലുള്ള തമിഴ്‌നാടിനെയും പാടെ അവഗണിക്കുകയായിരുന്നു. കേരളത്തിൽ ഏറ്റവുമധികം ഉൽപാദനം ഇടുക്കിയിലും രണ്ടാമത് വയനാട്ടിലുമാണ്.
നിർദേശം നടപ്പിലാക്കുന്നത്

ബംഗാളിലും ആസാമിലും

ചെറുകിട തേയില കർഷക കുടുംബങ്ങളുടെ ഉന്നമനത്തിനായി കേരളത്തിലെ കർഷകർ മുന്നോട്ടുവച്ച നിർദേശങ്ങൾ, ബംഗാളിനും ആസാമിനുമായി പ്രഖ്യാപിച്ച പാക്കേജിൽ ഉൾപ്പെടുത്തിയെന്നതാണ് ഏറെ വിചിത്രം. കഴിഞ്ഞ നവംബറിൽ ടീ ബോർഡിന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സംഘം ജില്ലയിൽ എത്തി തേയില കർഷകരുമായി ചർച്ച നടത്തിയിരുന്നു. തുടർച്ചയായ പ്രളയങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം ഉടലെടുത്ത പ്രതിസന്ധിയെത്തുടർന്ന് കർഷകർ നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചു. ചെറുകിട കർഷകരുടെ തേയിലത്തോട്ടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കാൻ സബ്‌സിഡി അനുവദിക്കണമെന്നായിരുന്നു നിർദേശം. അനുകൂല കാലാവസ്ഥയായതിനാൽ ഓറഞ്ച്, ആപ്പിൾ, റമ്പൂട്ടാൻ, ലിച്ചി, സബർജെല്ലി, പാഷൻഫ്രൂട്ട്, പപ്പായ, മാവ്, പ്ലാവ് തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാനാകും. കൂടാതെ കർഷക കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് വളർത്താൽ ആടുകളെ സബ്‌സിഡി നിരക്കിൽ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം മഴവെള്ളം കുളങ്ങളിലും ചെറിയ തടയണകളിലും സംരക്ഷിച്ച് ജലസേചനം നടത്തുന്നതിനൊപ്പം മീൻ വളർത്താൻ ഉപയോഗിക്കാമെന്നുമുള്ള ആശയവും മുന്നോട്ടുവച്ചിരുന്നു. കർഷകരുടെ നിർദേശങ്ങൾ സംഘം അംഗീകരിച്ചിരുന്നു. എന്നാൽ ഇതേ നിർദേശങ്ങളാണ് 1000 കോടിയുടെ പാക്കേജിലുള്ളത്.
26,000ൽപ്പരം ചെറുകിട തേയില കർഷകരാണ് ഇടുക്കിയിലുള്ളത്. വിവിധ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കർഷകർക്കും സംഘങ്ങൾക്കും ടീ ബോർഡ് നൽകാനുള്ളത് 80 ലക്ഷത്തിലധികമാണ്. 2017 ഫെബ്രുവരി രണ്ടിന് ടീ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇടുക്കി എ.ഡി.എം എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ യോഗം ചേർന്നിരുന്നു. പുതുക്കൃഷി, റീപ്ലാന്റ്, കുഴൽക്കിണർ നിർമാണം, ഹാർവെസ്റ്റ് മെഷീൻ, വാഹനം എന്നീ വിഭാഗങ്ങളിലായി 1.40 കോടി രൂപ നൽകാനുണ്ടായിരുന്നു. ഇതിൽ ഇതിൽ വാഹനങ്ങൾ വാങ്ങിയവരുടെ 35 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ.