പാലാ: വെള്ളമില്ലേ...? തുറക്കില്ല വെള്ളമുണ്ടോ...? തുറക്കില്ല! വെള്ളമുണ്ടെങ്കിലും ഇല്ലെങ്കിലും തുറക്കാത്ത കംഫർട്ട്‌സ്‌റ്റേഷനുണ്ട് പാലാ ടൗൺ ബസ് സ്റ്റാൻഡിൽ. വാട്ടർ അതോറിട്ടിയുടെ ശുഷ്‌കാന്തി കാരണം പലപ്പോഴും പാലാ ടൗണിൽ വെള്ളമുണ്ടാകാറില്ല. വെള്ളം കിട്ടാത്തതോടെ ടൗൺ ബസ് സ്റ്റാന്റിലെ കംഫർട്ട്‌സ്റ്റേഷനും അടയ്ക്കും. ചോദിക്കാനും പറയാനും ആരുമില്ല.
പ്രാഥമിക ആവശ്യങ്ങൾക്കായി കംഫർട്ട് സ്റ്റേഷനിലേക്ക് ഓടിയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു മുന്നിൽ പലപ്പോഴും അടച്ചിട്ട വാതിൽ മാത്രം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തിലെ കുടിവെള്ള വിതരണത്തിന് തടസം നേരിട്ടിരുന്നു. വെള്ളമില്ലാതായതോടെ ടൗൺ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനും അടച്ചു.ഇന്നലെ ഉച്ചയോടെ പൈപ്പിന്റെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുനരാരംഭിച്ചു. എന്നിട്ടും കംഫർട്ട്‌സ്റ്റേഷൻ തുറക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നാണ് സ്റ്റാൻഡിലെ വ്യാപാരികളും യാത്രക്കാരും കുറ്റപ്പെടുത്തുന്നത്. ഇന്നലെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ കംഫർട്ട് സ്റ്റേഷനിലെത്തിയെങ്കിലും അടച്ചിട്ട വാതിൽ കണ്ട് വിഷമത്തോടെ മടങ്ങുകയായിരുന്നു. ബസ് സ്റ്റാൻഡിലെ ഇടോയ്‌ലറ്റിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ലക്ഷങ്ങൾ ചിലവഴിച്ച് അറ്റകുറ്റപ്പണികൾ തീർത്ത് അടുത്തിടെയാണ് കംഫർട്ട്‌സ്റ്റേഷൻ തുറന്നത്. ഇത് യാത്രക്കാർക്കും സ്റ്റാൻഡിലെ വ്യാപാരികൾക്കുമൊക്കെ വലിയൊരു അനുഗ്രഹമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുമാസത്തിനിടെ വെള്ളം ഇല്ലാതായതിന്റെ പേരിലും കംഫർട്ട്‌ സ്റ്റേഷനിൽ നിന്നുള്ള പൈപ്പിന്റെ തകരാറുമൂലവും പലതവണ ഇത് അടച്ചിട്ടു. യാത്രക്കാരും വ്യാപാരികളും വലഞ്ഞിട്ടും നഗരസഭാധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് പാലാ ടൗൺ ബസ് സ്റ്റാൻഡിൽ എത്തുന്നത്. ഇതോടൊപ്പം ബസുകളിലെ ജീവനക്കാരും വ്യാപാരികളുമൊക്കെ ഈ കംഫർട്ട്‌സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. കംഫർട്ട്‌സ്‌റ്റേഷൻ തുടർച്ചയായി തുറക്കാത്തതുമൂലം ജനം വലഞ്ഞിട്ടും അധികാരികൾക്ക് ഇത് കണ്ട മട്ടില്ല.

ടൗൺ ബസ് സ്റ്റാൻഡിലെ കംഫർട്ട്‌സ്‌റ്റേഷൻ ഇന്നുംകൂടി അടച്ചിടുകയാണെങ്കിൽ സമരം നടത്തുമെന്ന് പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കൽ പറഞ്ഞു. മുനിസിപ്പൽ ഭരണാധികാരികളുടെ നടപടിയെ ന്യായീകരിക്കാനാവില്ലെന്നും ജോയി കളരിക്കൽ പറഞ്ഞു.