കട്ടപ്പന: അപകടാവസ്ഥയിലുള്ള വൈദ്യുത തടി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. പാറക്കടവ് വാകവയലിൽ പുരുഷോത്തമന്റെ പുരയിടത്തിലെ പോസ്റ്റാണ് അപകടഭീഷണി ഉയർത്തുന്നത്. 30 വർഷത്തിലധികം പഴക്കമുള്ള പോസ്റ്റിൽ നിന്നു പുരുഷോത്തമന് ഉൾപ്പെടെ അഞ്ച് കുടുംബങ്ങൾക്കാണ് വൈദ്യുതി നൽകിയിരിക്കുന്നത്. എന്നാൽ ചുവട് ദ്രവിച്ച് ഒരുവശത്തേയ്ക്ക് ചരിഞ്ഞുനിൽക്കുന്ന പോസ്റ്റ് ഏതുസമയത്തും നിലംപൊത്താം. ഇതിലേക്കുള്ള വൈദ്യുതി കമ്പികൾ സമീപത്തെ നടപ്പുവഴിയോടു ചേർന്നുള്ള ചെമ്പരത്തി വേലികൾക്കിടയിലൂടെയും മരച്ചില്ലകളിലൂടെയുമാണ് കടന്നുപോകുന്നത്. 2018ൽ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പലതവണ വിവരം അധികൃതരെ അറിയിച്ചിട്ടും അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മേഖലയിൽ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പോലും അധികൃതരുടെ സേവനം ലഭ്യമല്ലെന്നും ആക്ഷേപമുണ്ട്.