honey

കോട്ടയം: ആഗോളവിപണിയിൽ ഇന്ത്യൻ തേനിന് മധുരം കൂടി. ജർമ്മനി, യു.എസ്.എ, യു.കെ., ജപ്പാൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലേക്ക് തേൻ കയറ്റുമതി കൂടി. മൂന്നു വർഷത്തിനിടയിൽ 35,000 ടണ്ണിൽ നിന്ന് ഒരു ലക്ഷം ടൺ തേൻ ഉല്പാദിപ്പിച്ച് ഇന്ത്യ ശ്രദ്ധേയമായ നേട്ടമാണ് കൊയ്തത്.

ഗുണനിലവാരത്തിലും ലോകത്ത് ഇന്ത്യൻ തേൻ പ്രഥമ സ്ഥാനം നേടിയിരിക്കയാണെന്ന് കേന്ദ്ര ഖാദി ആൻഡ് വില്ലേജ് ഇൻഡ്സ്ട്രീസ് കമ്മിഷൻ പുറത്തിറക്കിയ കുറുപ്പിൽ വ്യക്തമാക്കുന്നു. പത്തു വർഷത്തിനിടയിൽ 200 ശതമാനം വളർച്ചയാണ് തേൻ ഉത്പാദനത്തിൽ ഉണ്ടായിട്ടുള്ളത്.

നബാ‌ർഡ്, നെഹ്റുയുവകേന്ദ്ര, എസ്.സി., എസ്.ടി വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സംസ്ഥാന കൃഷി, ഹോർട്ടികൾച്ചർ വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെയാണ് മികച്ച നേട്ടം കൈവരിച്ചത്. പുതിയതായി 1.35 ലക്ഷം തേനീച്ചപ്പെട്ടികളാണ് വിതരണം ചെയ്തത്. ഇതിൽ ഏറെയും വാങ്ങിയിട്ടുള്ളത് ചെറുകിട കർഷകരാണ്. ഇതാണ് തേനിന്റെ സംഭരണം കൂട്ടാൻ കാരണമായത്. തേനീച്ച വളർത്തലിലേക്ക് പുതിയതായി എത്തിയത് 16,000 കർഷകരാണ്.

തേനീച്ചകൾ പരാഗണം നടത്തുന്നതിനാൽ വിളവ് കൂടുതലായി ലഭിച്ചെന്നും കർഷകർ സാക്ഷ്യപ്പെടുത്തുന്നു. കർഷകർ ക്ലസ്റ്റർ രൂപീകരിച്ച് ആനുകൂല്യങ്ങൾ നല്കിയതോടെയാണ് തേൻ ഉല്പാദനം പതിന്മടങ്ങ് വർദ്ധിച്ചത്. ചൈനയാണ് തേൻ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. 500 കർഷകരുള്ള ക്ലസ്റ്ററിന് അഞ്ചുകോടി രൂപ വിനിയോഗിച്ചു. തേനീച്ചവളർത്തലിന് ഈ സാമ്പത്തികവർഷം 63 കോടി രൂപയാണ് ചിലവഴിച്ചത്.