
കോട്ടയം:പാലായിൽ ജോസ് കെ. മാണി ഇടതു മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായെങ്കിലും മാണി സി.കാപ്പന്റെ കാര്യത്തിൽ വ്യക്തമായ ഉത്തരമില്ല. താൻ പാലായിൽ മത്സരിക്കുമെന്ന് തന്നെയാണ് കാപ്പൻ പറയുന്നത്. എൻ.സി.പിയിൽ നിന്ന് കാപ്പൻ ഒറ്റയ്ക്ക് യു.ഡി.എഫിലേക്ക് വരുമെന്ന് പി.ജെ. ജോസഫ് ഇടയ്ക്ക് ഇടയ്ക്ക് പറയുന്നത് തിരഞ്ഞെടുപ്പ് ചർച്ചകളെ ചൂടുപിടിപ്പിക്കുന്നു.
കാപ്പൻ പാലായിൽ മത്സരിക്കുന്നില്ലെങ്കിൽ ജോസ് കെ.മാണിക്കെതിരെ യു.ഡി.എഫ് സ്വതന്ത്രനായി പി.സി.ജോർജിനെ
ഇറക്കാമെന്ന ആലോചനയും കോട്ടയത്ത് കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിലുണ്ടായി. പൂഞ്ഞാർ മണ്ഡലത്തിലുണ്ടായിരുന്ന ചില പഞ്ചായത്തുകൾ പാലായോട് കൂട്ടിച്ചേർത്തത് ജോർജിന് തുണയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം പാലാ സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിടേണ്ടെന്ന് എൻ.സി.പി തീരുമാനിച്ചാൽ കാപ്പൻ ഒറ്റപ്പെടും. എൻ.സി.പി ഇടതുമുന്നണി വിടാതിരിക്കാൻ ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ മേൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വരെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. പാർട്ടി തീരുമാനം എതിരായാൽ കാപ്പൻ എൻ.സി.പി വിട്ട് യു.ഡി.എഫിലേക്ക് വരാനുള്ള ധൈര്യം കാട്ടുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. എൻ.സി.പിക്ക് പാലായിൽ കാര്യമായ വേരോട്ടമില്ലാത്തത് പ്രതികൂല ഘടകമാണ്. ജോസിന്റെ പിന്തുണകൊണ്ടാണ് പാലാ നഗരസഭാഭരണം ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനായത്. ജോസ് കെ. മാണി രണ്ടില ചിഹ്നത്തിൽ പാലായിൽ മത്സരിച്ചാൽ തോൽപ്പിക്കുക പ്രയാസമായിരിക്കുമെന്നാണ് പൊതു വിലയിരുത്തൽ. അതേസമയം കുറഞ്ഞ കാലം കൊണ്ട് പാലാ മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയത് അനുകൂല വോട്ടാക്കി മാറ്റാനാകുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.