
കോട്ടയം : കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതോടെ കോട്ടയത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പോസീറ്റീവ് നിരക്ക് 500നും 700നും ഇടയിലേക്ക് ഉയർന്നു. രാജ്യത്തെ പോസീറ്റീവ് നിരക്ക് കൂടുതലുള്ള പത്തു ജില്ലകളിൽ കോട്ടയവുമുണ്ട്. സർക്കാർ നിയന്ത്രണത്തിൽ അയവ് വന്നതോടെ പലരും മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതും, സാമൂഹ്യഅകലം പാലിക്കാത്തതുമാണ് രോഗവർദ്ധനയിടയാക്കുന്നത്. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായിരുന്നു. ഇതു വരെ 70000 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. ഇരുപതിനായിരത്തോളം പേർ നിലവിൽ ക്വാറന്റൈനിലുണ്ട്.
ഒരു നിയന്ത്രണവുമില്ല, എല്ലാം തോന്നുംപടി
പരിശോധന നിരക്ക് കുറഞ്ഞതിനോടൊപ്പം കണ്ടെയ്മെന്റ് സോണുകളിൽ പഴയ പോലെ നിയന്ത്രണമില്ലാത്തതും രോഗവ്യാപനം രൂക്ഷമാക്കുകയാണ്. കൊവിഡ് ബാധിതരിൽ ഭൂരിപക്ഷവും വീടുകളിൽ തന്നെ കഴിയുകയാണ്. ഇവരുടെ ബന്ധുക്കൾ പുറത്തിറങ്ങുന്നത് പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ പലരും പുറത്തിറങ്ങി നടക്കുകയാണ്. കൊവിഡ് നിയമലംഘനങ്ങൾക്കെതിരെയും നടപടി ഉണ്ടാകുന്നില്ല. വിജയയുടെ സിനിമയായ 'മാസ്റ്റർ" കാണാൻ യാതൊരു നിയന്ത്രണവുമില്ലാതെ ഫാൻസ് അസോസിയേഷൻ തിക്കി തിരക്കിയിട്ടും ആർക്കെതിരെയും നടപടി സ്വീകരിച്ചില്ല. ബസ് സ്റ്റാൻഡ്,ചന്ത, റെയിൽവേസ്റ്റേഷൻ തുടങ്ങി ആൾക്കൂട്ടമേറുന്ന സ്ഥലങ്ങളിലൊന്നും കാര്യമായ പരിശോധനയില്ല.
കൊവിഡ് പടർത്തുമോ നേതാക്കളുടെ യാത്ര
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് പുറമെ ഇടതുമുന്നണി, ബി.ജെ.പി നേതാക്കളും യാത്രയ്ക്കൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ ഇളക്കി ശക്തി തെളിയിക്കുന്ന യാത്രയിൽ വൻജനപങ്കാളിത്തം ഉറപ്പാണ്. മന്ത്രിമാർ പങ്കെടുക്കുന്ന ജനസമ്പർക്ക പരിപാടികളിലും വൻതിരക്ക് പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ട് പരിപാടികളും കൊവിഡ് വ്യാപനകാരണമാകാം.
സ്വയംചികിത്സകർ കൂടുന്നു
കൊവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്താതെ മെഡിക്കൽ ഷോപ്പുകളിൽ ചെന്ന് പനി, ജലദോഷം, തൊണ്ട വേദന എന്നിവയ്ക്ക് മരുന്നുവാങ്ങി സ്വയം ചികിത്സിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഇന്നലെ രംഗത്തെത്തി. ആശുപത്രിയിൽ നിന്നുള്ള കുറിപ്പില്ലാതെ മരുന്നുവാങ്ങാനെത്തുന്ന കൊവിഡ് ലക്ഷണങ്ങളുള്ളവരെ ബോധവത്ക്കരിച്ച് പരിശോധന നടത്താനാണ് ശ്രമം. പനി ,ചുമ, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പരിശോധനയ്ക്ക് വിധോയരാകാതെ നേരിട്ട് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നത് അപകടകരമാണെന്ന് ജില്ലാ കളക്ടർ എം.അഞ്ജന പറഞ്ഞു.
''രോഗലക്ഷണങ്ങളുള്ളവരെ മുഴുവൻ പരിശോധനയ്ക്ക് വിധേയരാക്കിയാൽ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിനും മറ്റുള്ളവർക്ക് രോഗം പകരുന്ന സാഹചര്യവും ഒഴിവാക്കാനാകും
ഡോ.ജേക്കബ് വർഗീസ്, ഡി.എം.ഒ
കൊവിഡ് കേസുകളുടെ നിരക്ക് (ജനുവരി 26 മുതൽ )
ജനുവരി 26 : 638
ജനുവരി 27 : 517
ജനുവരി 28 : 522
ജനുവരി 29 : 623
ജനുവരി 30 : 487
ജനുവരി 31 : 511
ഫെബ്രുവരി 1 : 302
ഫെബ്രുവരി 2 : 621
ഫെബ്രുവരി 2 : 558
പുതിയ എസ്.പി വരുന്നു, നിയന്ത്രണങ്ങൾ കടുപ്പിക്കുമോ
കാസർകോട് ആദ്യഘട്ടത്തിൽ രോഗവ്യാപനം രൂക്ഷമായപ്പോൾ പൊലീസിന്റെ നേതൃത്വത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതോടെ വ്യാപനതോത് കുറഞ്ഞു. ഇതിന് ചുക്കാൻപിടിച്ചത് കോട്ടയത്തെ പുതിയ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയാണ്. ഇവർ ചുമതലയേൽക്കുന്നതോടെ രോഗം പിടിച്ചുകെട്ടാനാകുമെന്നാണ് പ്രതീക്ഷ.
10 വരെ അതീവ ജാഗ്രത
10 വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് പൊലീസ് തീരുമാനം. മാസ്‌ക് ധരിക്കാത്തവർക്കും, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കും എതിരെ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാനും കളക്ടർക്ക് അധികാരമുണ്ട്. കണ്ടെയ്‌ൻമെന്റ് സോണുകളായി കണ്ടെത്തുന്ന സ്ഥലങ്ങൾ പഴയതുപോലം അടച്ചിടും. ഇടയ്ക്ക് താളംതെറ്റിയെങ്കിലും വീണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പും രംഗത്തുണ്ട്.