
ഈരാറ്റുപേട്ട : ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന രാഷ്ട്രപിതാവായ മഹാത്മജിയുടെ സ്വപ്ന സാക്ഷാത്ക്കാരം അക്ഷരംപ്രതി പ്രാവർത്തികമാക്കുകയാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 10ാം വാർഡായ ചോലത്തടം. ഗ്രാമസഭകൾ നിലവിൽ വന്ന കാലം മുതൽ ചോലത്തടം ഗ്രാമോദയം ലൈബ്രറിയിലാണ് ഗ്രാമസഭ ചേരാറുള്ളത്. അതിനാണ് പുതിയ ഭരണസമിതി മാറ്റം വരുത്തിയത്. ലൈബ്രറിയ്ക്ക് സമീപത്തെ വെട്ടുകല്ലൻമാക്കൽ പുരയിടത്തിലെ മരത്തണലാണ് ഇതിനായി തിരഞ്ഞെടുത്തത്. ഗ്രാമസഭയിൽ സാധാരണ പങ്കെടുക്കാൻ കൂട്ടാക്കാതെ മാറി നിന്നവർ ഇതോടെ പങ്കാളികളായി.
രണ്ട് മലകളിലായി കിലോമീറ്ററുകൾ ചുറ്റപ്പെട്ടു കിടക്കുന്ന അനങ്ങും പടി , കൈതക്കുളം, മണം, ചക്കിപ്പാറ, ആനക്കുഴി എന്നീ മലമടക്കുകളിൽ നിന്ന് പ്രായം 80 കടന്നവരടക്കം തങ്ങളുടെ ആവലാതികളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനെത്തി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആദ്യമായി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റ് പദത്തിലെത്തിയ ജോർജ് അത്യാലിനും ഇതൊരു വേറിട്ട അനുഭവമായി. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ്.പ്രസിഡന്റുമായ റെജി ഷാജിയും ഗ്രാമസഭ വൻവിജയമാക്കിയ വാർഡ് നിവാസികൾക്ക് നന്ദി പറഞ്ഞു.