മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം
പൊൻകുന്നം: വേനൽ കടുത്തതോടെ മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകളും തോടുകളുമടക്കമുള്ള ജല സ്രോതസ്സുകൾ വറ്റിവരണ്ടു.വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരാവസ്ഥയിലാകുമെന്നതിനാൽ ജനം ആശങ്കയിലാണ്. ഇപ്പോൾതന്നെ പലരും കുടിവെള്ളം വിലകൊടുത്തുവാങ്ങുകയാണ്.എന്നാൽ വെള്ളം വിലകൊടുത്തുവാങ്ങാൻ കഴിവില്ലാത്തവരാണ് ഒഴിഞ്ഞ പാത്രങ്ങളുമായി നെട്ടോട്ടമോടുന്നത്.വാട്ടർ അതോറിട്ടിയുടേയും പഞ്ചായത്തിന്റേയുമൊക്കെ പദ്ധതികൾ ഒരുപാടുണ്ടെങ്കിലും വീടുകളിൽ പൈപ്പ് കണക്ഷൻ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷവും.ഉള്ളവർക്കാകട്ടെ കൃത്യമായി കുടിവെള്ളം എത്തുന്നുമില്ല.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും അപേക്ഷിക്കുന്നവർക്ക് 15 ദിവസത്തിനകം പൈപ്പ് കണക്ഷൻ നൽകുമെന്നുമൊക്കെയാണ് അധികാരികൾ പറയുന്നത്.എന്നാൽ ഫലത്തിൽ ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് നാട്ടുകാരും പറയുന്നു. ചിറക്കടവ് ,കാഞ്ഞിരപ്പള്ളി,വാഴൂർ,എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളിൽ പ്രധാനപാതകളിലൂടെ മാത്രമാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈൻ കടന്നുപോകുന്നത്.ഈ പൈപ്പിൽ നിന്നും 30 മീറ്റർ അകലംവരെ മാത്രമാണ് കണക്ഷൻ കൊടുക്കുന്നത്.അതായത് റോഡിനോട് ചേർന്നിരിക്കുന്ന വീടുകൾക്ക് മാത്രമേ കണക്ഷൻ ലഭിക്കൂ.മറ്റുള്ള വീടുകളിൽ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിട്ടിക്കോ സർക്കാരിനോ പഞ്ചായത്തുകൾക്കോ പദ്ധതിയില്ല.
ജലജീവൻ,ജൽജൽ തുടങ്ങി പല പേരുകളിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.എന്നാൽ പദ്ധതി ഏതായാലും 30 മീറ്ററിനപ്പുറത്തേക്ക് വെള്ളം എത്തുകയില്ല.സ്വന്തം പണംമുടക്കി കുഴലിടാൻ തയാറായാലും അതിനും പദ്ധതിയില്ലെന്നാണ് അധികൃതർ പറയുന്നത്.സർക്കാർ പറയുന്നതുപോലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാത്തിരുന്നു മൂന്ന് മാസം
ജലക്ഷാമം രൂക്ഷമായ പൊൻകുന്നം റോയൽ ബൈപാസ് റോയൽ റസിഡൻസിയിലെ ഏതാനും വീടുകളിലേക്ക് പൈപ്പ് കണക്ഷൻ എടുക്കുന്നതിനായി അപേക്ഷ നൽകി 3 മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.പൊൻകുന്നത്തും അവിടെ നിന്ന് പറഞ്ഞതനുസരിച്ച് കോട്ടയത്തും അപേക്ഷ നൽകി. പൊൻകുന്നത്തും കോട്ടയത്തുമുള്ള ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.