പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ കംഫർട്ട്‌ സ്‌റ്റേഷൻ ഇന്നലെ രാവിലെ തുറന്നു. കംഫർട്ട് സ്റ്റേഷൻ തുറക്കാത്തത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പ്രശ്‌നത്തിൽ ഇടപെടുകയും കംഫർട്ട്‌സ്‌റ്റേഷൻ തുറക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ കംഫർട്ട്‌സ്‌റ്റേഷൻ തുറന്നു. കംഫർട്ട്‌സ്‌റ്റേഷൻ ഉടൻ തുറന്നില്ലെങ്കിൽ സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു പരസ്യക്കമ്പനിയുടെ ബോർഡ് സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് വെള്ളം വിതരണം നിലച്ചതെന്നും കംഫർട്ട്‌സ്‌റ്റേഷൻ അടച്ചിട്ടതെന്നും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. എന്നാൽ വെള്ളം വന്നിട്ടും കംഫർട്ട്‌സ്‌റ്റേഷൻ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേരളകൗമുദിയിൽ വാർത്ത വന്നയുടൻ കംഫർട്ട്‌സ്‌റ്റേഷൻ തുറക്കാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നും ചെയർമാൻ പറഞ്ഞു.