
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ട് വർഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു. കേരളത്തിന് അഭിമാനമായ മതമൈത്രി തകർക്കാനുള്ള അപകടകരമായ നീക്കത്തിൽ നിന്ന് സി.പി.എം പിന്തിരിയണം. കേരളത്തിലെ പ്രബലമായ ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സർക്കാരിന്റെ അഴിമതിയും , ഭരണപരാജയവും മറക്കുന്നതിനുള്ള ഗൂഢാലോചനയാണ് പാർട്ടി നേതാക്കളുടെ പ്രസ്താവനകളിൽ നിഴലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്യര്യകേരളയാത്രയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.