a

കുമരകം: ജലഗതാഗതവകപ്പിന്റെ മണിയാപറമ്പ് മുഹമ്മ സർവീസ് ബോട്ട് ചെറുവള്ളങ്ങൾക്കും വിനോദ സഞ്ചാരികൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ആരോപണം. മുഹമ്മയിൽ നിന്നും പാതിരാമണൽ വഴി മണിയാപറമ്പിലേക്ക് സർവീസ് നടത്തുന്ന ബോട്ടിന്റെ അമിതവേഗതയെ കുറിച്ചാണ് പരാതി. കായലിൽ നിന്നും മണൽവാരുകയും കട്ട കുത്തുകയും മത്സ്യ ബന്ധനം നടത്തുകയും ചെയ്യുന്ന ചെറുവള്ളങ്ങൾ അപകടത്തിൽ പെടുമെന്നാണ് ഹൗസ് ബോട്ട് ഉടമകളുടെ പരാതി. കരമാർഗം എത്തിച്ചേരാൻ സാധിക്കാത്ത മഞ്ചാടിക്കരി, കരീമഠം, പുത്തൻകായൽ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ബോട്ട് സർവീസ്. കേവലം 40 രൂപ മുടക്കി കായൽസൗന്ദര്യം ആസ്വദിച്ച് പാതിരാമണൽ സന്ദർശിക്കാൻ സാധിക്കും എന്നതാണ് സർവീസിന്റെ മറ്റൊരു പ്രത്യേകത. മൂന്ന് മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപണിയെ തുടർന്ന് ബോട്ട് സർവീസ് മുടങ്ങിയിരുന്നു. പിന്നീട് ജനങ്ങൾ പ്രതിഷേധത്തെ തുടർന്നാണ് സർവീസ് പുനരാരംഭിച്ചത്. ഹൗസ് ബോട്ട് ഉടമകളുടെ പരാതി അടിസ്ഥാനരഹിതമാണെന്നും കായലിലെ തൊഴിലാളികൾ പരാതി ഉന്നയിച്ചിട്ടില്ലെന്നും ബോട്ട് ജീവനക്കാർ പറഞ്ഞു. കുറഞ്ഞ ചെലവിൽ പാതിരാമണൽ കാഴ്ച്ച ഒരുക്കുന്നതും ഗതാഗതവകുപ്പിന്റെ ജെട്ടികളിൽ അനധികൃതമായി ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യുന്നത് പരാതിപ്പെട്ടതുമാണ് ആരോപണങ്ങൾക്ക് കാരണമെന്നും ജീവനക്കാർ ചൂണ്ടികാട്ടി.

ചെറുവള്ളങ്ങൾക്കും ഹൗസ് ബോട്ടുകൾക്കും അപകടകരമാംവിധം അമിതവേഗത്തിലാണ് സർവീസ് ബോട്ടുകളുടെ യാത്ര. ഉച്ചത്തിൽ ഹോൺ മുഴക്കി പാഞ്ഞടുക്കുന്ന സർവീസ് ബോട്ടുകൾ തങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്ന് വിനോദസഞ്ചാരികൾ പരാതിപ്പെട്ടിട്ടുണ്ട്.

ഷനോജ് കുമാർ,

പ്രസിഡന്റ്

ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി

വർഷങ്ങളായി റോഡില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ബോട്ട്. സർവ്വീസിനെ ബാധിക്കുന്ന ആരോപണങ്ങളും പ്രസ്താവനകളും അംഗീകരിക്കാനാവില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം.

മനോജ് കരീമഠം, വൈസ് പ്രസിഡന്റ്

അയ്മനം ഗ്രാമ പഞ്ചായത്ത്.

നിയമപരമായി നിശ്ചയിച്ചിട്ടുള്ള ജലപാതയിലൂടെ അനുവദനിയമായ വേഗതയിലാണ് ബോട്ട് സർവീസ് നടത്തുന്നത്. ജെട്ടിയിൽ അടുപ്പിക്കാൻ സാധിക്കാത്തവിധം നിയമം ലംഘിച്ച് ഹൗസ് ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നത് സർവീവീസുകളെ ബാധിക്കാറുണ്ട്. ഇതിനെതിരെ മുഹമ്മ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കായലിൽ നിന്നും മണൽ, കട്ട എന്നിവ വാരുന്നത് നിയമവിരുദ്ധമായിരിക്കെ അവർക്ക് പരാതിയുണ്ടെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല.

ടി.ആർ റോയി,മുഹമ്മ സ്റ്റേഷൻ മാസ്റ്റർ