പാലാ: നഗരസഭയിലെ തകരാറിലായ മുഴുവൻ കംഫർട്ട്‌സ്‌റ്റേഷനുകളും നന്നാക്കി യാത്രക്കാർക്കും വ്യാപാരികൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതി 'പ്രഥമം പ്രധാന' ത്തിന് നഗരസഭാ അധികൃതർ തുടക്കമിടുന്നു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ചുമതലയിലുള്ള പദ്ധതിക്ക് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
നഗരസഭയിലാകെ 96 പൊതുശൗചാലയങ്ങളാണുള്ളത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിൽ അംഗങ്ങളായ ഷീബ ജിയോ, ലിസിക്കുട്ടി മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വം എന്നിവരുൾപ്പെട്ട സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് സമർപ്പിക്കുമെന്ന് ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
ഓരോ കംഫർട്ട് സ്റ്റേഷനിലെയും പോരായ്മകളം പരിമിതികളും സംഘം പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. പാലാ വലിയപാലത്തിന് താഴെയുള്ള കംഫർട്ട് സ്റ്റേഷന്റെ സ്ഥിതി ദയനീയമാണെന്ന് സംഘത്തിന് നേരിട്ട് ബോദ്ധ്യപ്പെട്ടതായി ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. 20 ലക്ഷത്തോളം രൂപമുടക്കി പണിതീർത്ത കംഫർട്ട് സ്റ്റേഷന്റെ ഉള്ളിലേക്ക് കയറണമെങ്കിൽ ചെളിയും പായലും വെള്ളവും താണ്ടേണ്ടതുണ്ട്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂത്താടികൾ നിറഞ്ഞിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ നിന്ന് വെള്ളം വീണ് ഈ കംഫർട്ട്‌സ്റ്റേഷന്റെ പ്രധാന കവാടത്തിലെ ഷട്ടർ ദ്രവിച്ച നിലയിലാണ്. സ്ത്രീകൾക്കായി നീക്കിവച്ചിട്ടുള്ള ശൗചാലയങ്ങളുടെ വാതിലും സുരക്ഷിതമല്ല. ഇതിന്റെ അറ്റകുറ്റപ്പണികൾക്ക് ചുരുങ്ങിയത് 5 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.
വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കംഫർട്ട്‌സ്‌റ്റേഷനുകൾ നവീകരിക്കാൻ വലിയൊരു തുക വേണ്ടിവന്നേക്കാം. എന്നാൽ നടപ്പുസാമ്പത്തിക വർഷത്തിൽ ഇതിനുള്ള ഫണ്ടില്ല. ഏപ്രിലിൽ തുടങ്ങുന്ന പുതു സാമ്പത്തിക വർഷത്തിൽ അടിയന്തിര പ്രാധാന്യത്തോടെ പ്രഥമം പ്രധാനം പദ്ധതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നഗരസഭാ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
പൈപ്പുകൾ പൊട്ടിപ്പൊളിഞ്ഞ്...
കുരിശുപള്ളിക്കവലയിലെ ശൗചാലയത്തിന്റെ അവസ്ഥയും ശോചനീയമാണ്. ഇവിടെ പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. ഫൈബർ വാതിലുകളും തകരാറിലാണ്. ളാലം പാലം ജംഗ്ഷനിലെ കംഫർട്ട്‌സ്‌റ്റേഷൻ ഭൂരിഭാഗവും പുതുക്കിപ്പണിയണം. ചുരുങ്ങിയത് 6 ലക്ഷം രൂപയെങ്കിലും ഇതിനായി വേണ്ടിവന്നേക്കാം. നിർമ്മാണത്തിലെ അപാകതയും പ്രശ്‌നമാണ്.
ഒരുതുള്ളിയില്ല!
മുണ്ടുപാലത്തെ കംഫർട്ട്‌സ്‌റ്റേഷനിൽ പലപ്പോഴും വെള്ളമില്ല. മാർക്കറ്റിന് സമീപം ളാലം തോട്ടുങ്കരയിലുള്ള കംഫർട്ട്‌സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതായും സംഘത്തിന് ബോദ്ധ്യപ്പെട്ടു. നഗരസഭ സ്റ്റേഡിയത്തിനുള്ളിൽ അടുത്തിടെ തുറന്നുകൊടുത്ത കംഫർട്ട്‌സ്‌റ്റേഷന്റെ വാതിലുകളും ഒന്നു രണ്ട് ഫ്‌ളഷ് ടാങ്കും തകർന്ന നിലയിലാണ്.