
കോട്ടയം : ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾ വീണ്ടും ലഘുലേഖകളും ഉപദേശവുമായി റോഡിലിറങ്ങി. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും, കോട്ടയം ആർ.ടി ഓഫീസും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ്, ആർ.ടി.ഒ വി.എം ചാക്കോ, എം.വി.ഐമാരായ ജയപ്രകാശ്, ആശാകുമാർ, എ.എം.വി.ഐമാരായ വിനോദ്, ഗണേഷ്, രാജേഷ്, എം.വി.ഐ പി.ഇ ഷാജി എന്നിവർ നേതൃത്വം നൽകി. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെയും, സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും കുട്ടികൾ ബോധവത്കരണ ലഘുലേഖകൾ സമ്മാനിച്ചു. ജില്ലയിൽ അടുത്തിടെ വാഹനാപകടങ്ങൾ വർദ്ധിച്ചതിന്റെ പ്രധാന കാരണം സുരക്ഷാ ഉപകരണങ്ങൾ ധരിക്കാത്തതാണെന്ന് കണ്ടെത്തിയിരുന്നു. വരുംദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരും.