vazhavara

കട്ടപ്പന: വാഴവര ഏഴാംമൈലിനു സമീപം ഏലത്തോട്ടത്തിലെ ജലസംഭരണ ടാങ്കിനുള്ളിൽ സ്‌ഫോടക വസ്തു കണ്ടെത്തി. മുളകരമേട് വലിയപറമ്പിൽ ഷാജി പാട്ടത്തിനെടുത്ത സ്ഥലത്തെ ടാങ്കിന്റെ അടപ്പ് തകർത്താണ് സ്‌ഫോടക വസ്തു നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഏലത്തിന് മരുന്ന് തളിക്കുന്നതിനായി വെള്ളമെടുത്തപ്പോൾ ഹോസിലൂടെ വെടിമരുന്ന് ഒഴുകിവന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. കൂടാതെ ഇവിടെയുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ഹോസും ബൾബുകളും മോഷണം പോയിട്ടുണ്ട്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞദിവസം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കേടുപാട് വരുത്തിയിരുന്നു. കൂടാതെ ഏലച്ചെടികളുടെ ചുവട്ടിൽ ഉപ്പ് വിതറി നശിപ്പിക്കുന്നതായും പരാതിയുണ്ട്. മേഖലയിൽ പൊലീസ് പട്രോളിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.