കട്ടപ്പന: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം എന്നിവയ്ക്കായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.
നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, നഗരസഭാദ്ധ്യക്ഷ ബീന ജോബി, എംപ്ലോയ്‌മെന്റ് ഡയറക്ടർ ഡോ. എസ്. ചിത്ര, ജോയിന്റ് ഡയറക്ടർ ജോർജ് ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും. അമ്പലക്കവലയിൽ നഗരസഭ സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. യുവജനങ്ങൾക്ക് തൊഴിൽപരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കുകയാണ് എംപ്ലോയബിലിറ്റി കേന്ദ്രം വഴി ലക്ഷ്യമിടുന്നത്.