
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തിയിലെ ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതി പോളയിൽ മൂടി. മോർക്കുളങ്ങര, പാലാത്രച്ചിറ ബൈപ്പാസിലൂടെ എം.സി റോഡിനു കുറുകെ ഒഴുകി ബോട്ടുജെട്ടിക്കു സമീപമെത്തുന്ന ചെത്തിപ്പുഴ തോടിന്റെ പുനരുദ്ധാരണവും ചെത്തിപ്പുഴക്കടവ് ടൂറിസം പദ്ധതിയുമാണ് കാട് കയറി നശിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിനെയും ചങ്ങനാശേരി നഗരസഭയെയും ബന്ധിപ്പിക്കുന്ന ചെത്തിപ്പുഴ തോട് രാജഭരണകാലം മുതൽ ചങ്ങനാശേരിയിലെ കിഴക്കൻ പ്രദേശത്തുള്ള ജനങ്ങളുടെ സഞ്ചാരമാർഗമായിരുന്നു. പുതിയ ഗതാഗതസൗകര്യങ്ങൾ ഉണ്ടായതോടെ പുല്ലും പോളയും വളർന്നു പതിറ്റാണ്ടുകൾ പഴക്കമുള്ള തോട് പൂർണമായി ഉപയോഗശൂന്യമായി.
പ്രഖ്യാപനങ്ങൾ കടലാസിൽ
ആലപ്പുഴ, കുട്ടനാട്ടിൽ എന്നിവിടങ്ങളിൽ നിന്നു പച്ച തേങ്ങയും കൊപ്രയും വെളിച്ചെണ്ണയും സംഭരിക്കുന്നതിനായി കെട്ടുവള്ളത്തിൽ വ്യാപാരികൾ എത്തിക്കൊണ്ടിരുന്ന പ്രദേശമായിരുന്നു ചെത്തിപ്പുഴക്കടവ്. അവശ്യ സാധനങ്ങളുമായി ആലപ്പുഴയിലേക്കും കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്ന തോട്ടിലൂടെ ഇപ്പോൾ കൊതുമ്പു വള്ളം പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി. ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങി.
നാലു കിലോമീറ്റർ ദൂരം പാടശേഖരത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തോടിനു സമീപം ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾക്കാണ് വഴിയൊരുക്കുന്നതായിരുന്നു പദ്ധതി. ചെറുബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയാൽ ചെത്തിപ്പുഴ തോടു വീണ്ടും സജീവമാകുമെന്നും പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന തോട്ടിലൂടെയുള്ള യാത്ര വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുമെന്നായിരുന്നു പ്രതീക്ഷ.
പദ്ധതികൾ കാട് മൂടി
പോളയും ചെളിയും കുളവാഴയും കാട്ട്‌ചേമ്പും നിറഞ്ഞു കാടിനു സമാനമായി ചെത്തിപ്പുഴക്കടവ്. ഇവിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കിറ്റ്‌കോയുടെ സഹായത്തോടെ മൂന്നു വർഷങ്ങൾക്കു മുമ്പാണു ചെത്തിപ്പുഴക്കടവ് സൗന്ദര്യവൽക്കരണ പദ്ധതി ആരംഭിച്ചത്. 50 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ പോള നീക്കം ചെയ്യുന്നതിന് എസ്റ്റിമേറ്റിൽ തുക വകയിരുത്താതിരുന്നതും കരാറുകാർ ഇടയ്ക്കു പിൻവാങ്ങിയതും പദ്ധതി നടത്തിപ്പിനെ ബാധിച്ചു. ടൂറിസത്തിന്റെ ഭാഗമായി രണ്ട് കോഫി ഷോപ്പുകളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. കൽപടവുകളും നിർമിച്ചെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. കടവിനു ചുറ്റും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് തെളിയാറില്ല. പലയിടങ്ങളും പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ഇടമായി മാറിയിരിക്കുന്നു. പ്രദേശത്തെ ഓടകളുടെ ഓവ് വന്നു ചേരുന്നതും ഇവിടേയ്ക്കാണ്. കടവിനു സമീപത്തെ റോഡിലായി പണികഴിപ്പിച്ച കൽക്കെട്ടുകൾ പൂർണമായും തകർന്നു കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടത്തിനും സാദ്ധ്യതയേറുന്നു. കടവിനു സമീപത്തായി സ്വകാര്യ വ്യക്തികൾ സ്ഥലം കയ്യേറുന്നതായും ആരോപണമുണ്ട്.
സായാഹ്ന വിനോദ വിശ്രമ കേന്ദ്രമായി മാറ്റാം
ചെത്തിപ്പുഴക്കടവിനെ സായാഹ്ന വിനോദ വിശ്രമ കേന്ദ്രമായി മാറ്റിയെടുക്കാൻ സാധിച്ചാൽ ഇവിടത്തെ വികസനത്തിനു മാറ്റുകൂടും. പദ്ധതിക്കായി അനുവദിച്ച 50 ലക്ഷം രൂപയിൽ സിവിൽ കോൺട്രാക്ട് ജോലികൾക്ക് 43 ലക്ഷവും ഇലക്ട്രിക്കൽ ജോലികൾക്ക് അഞ്ചു ലക്ഷവുമാണു കിറ്റ്‌കോ അനുവദിച്ചിരുന്നത്. കടവിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളുടെ നിർമാണവും ഗ്രില്ലുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായെങ്കിലും ഇവയെല്ലാം നശിച്ച അവസ്ഥയിലാണ്. കാടു പിടിച്ചു കിടക്കുന്ന നടപ്പാതയിലൂടെ ആർക്കും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ടൂറിസം മേഖലയിൽ ഒട്ടേറെ സാധ്യതകളുള്ള ചെത്തിപ്പുഴക്കടവിൽ അനുബന്ധ ജോലികൾക്കായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.