
കോട്ടയം: കളരി ചികിത്സയിൽ പാരമ്പര്യ പെരുമയുള്ളവരാണ് ഡോ.എൻ.ജയരാജ് എം.എൽ.എയുടെ കുടുംബം. അച്ഛൻ പ്രൊഫ. കെ.നാരായണക്കുറുപ്പിൽ നിന്ന് രാഷ്ട്രീയ മെയ് വഴക്കവും അഭ്യസിച്ചു. പഴയ വാഴൂരിലും രൂപംമാറിയ കാഞ്ഞിരപ്പള്ളിയിലുമായി മൂന്നു തവണ തുടർച്ചയായി ജയിച്ച് നിയമസഭയിലെത്തിയ ജയരാജ് വീണ്ടും പയറ്റും. പക്ഷേ, ഒറ്റ ഡിമാൻഡേയുള്ളൂ, അങ്കത്തട്ട് കാഞ്ഞിരപ്പള്ളിയായിരിക്കണം!
ജോസ് കെ.മാണി ഇടതുമുന്നണിയിലെത്തിയതോടെ ജില്ലയിലെ പ്രധാന തർക്ക മണ്ഡലങ്ങളിലൊന്നായി കാഞ്ഞിരപ്പള്ളി. സി.പി.ഐക്ക് വൈകാരിക ബന്ധമുള്ള മണ്ഡലം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആദ്യമായി നിയസഭയിലെത്തിച്ച വാഴൂർ. രൂപമാറ്റം സംഭവിച്ച് കാഞ്ഞിരപ്പള്ളിയായപ്പോഴും സി.പി.ഐയാണ് മത്സരിച്ചത്. അങ്ങനെയുള്ള കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് സി.പി.ഐയിലെ ഒരുവിഭാഗം. അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിന്റേതാണ്. കാഞ്ഞിരപ്പള്ളി ഇല്ലെങ്കിൽ മത്സരിക്കില്ലെന്നാണ് എൻ.ജയരാജിന്റെ തീരുമാനം. മറ്റൊരു മണ്ഡലത്തിലേയ്ക്ക് പോകാൻ താത്പര്യമില്ലെന്ന് ജയരാജ് കേരളകൗമുദിയോടു പറഞ്ഞു. ജോസ് കെ.മാണിക്ക് ജയരാജിനെ മത്സരിപ്പിച്ചേ പറ്റൂ. പാർട്ടിയിലെ ഏക ഹിന്ദു എം.എൽ.എ എന്നത് മാത്രമല്ല കാര്യം. കെ.എം.മാണിയുടെ സഹയാത്രികനും കേരളാ കോൺഗ്രസ് സ്ഥാപക നേതാവുമായ പ്രൊഫ. കെ.നാരായണക്കുറുപ്പിന്റെ മകനെ കൈവിട്ടാൽ എൻ.എസ്.എസിന് അപ്രീതിയുണ്ടാകുമെന്ന് ജോസിനറിയാം. കഴിഞ്ഞ തവണ 3800 വോട്ടിലേയ്ക്ക് ഭൂരിപക്ഷം താഴ്ന്നെങ്കിലും പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ 10,000 മുകളിലേയ്ക്ക് ഭൂരിപക്ഷമുയർത്താമെന്ന ആത്മവിശ്വാസം ജയരാജിനുണ്ട്. സി.പി.ഐ കടുംപിടുത്തം തുടർന്നപ്പോൾ ജയരാജിന് രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശം വന്നെങ്കിലും അദ്ദേഹം കൈകൊടുത്തില്ല. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വന്നാൽ ചങ്ങനാശേരിയോ പൂഞ്ഞാറോ സി.പി.ഐക്ക് ലഭിക്കും. സി.പി.ഐക്ക് മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ബി.ജെ.പിക്കും നിർണായക വോട്ടുകളുണ്ട്.