mathoor

കോട്ടയം : കുട്ടനാട്ടിൽ ജനിച്ച് മരുമകനായാണ് മാത്തൂർ വന്നുകയറിയതെങ്കിലും കോട്ടയം അദ്ദേഹത്തെ നെഞ്ചോട് ചേർത്തത് മകനായാണ്. എട്ട് പതിറ്റാണ്ട് തികഞ്ഞ ജീവിതത്തിൽ അവസാന നാൾവരെയും കഥകളിക്കായി നീക്കിവച്ചിരുന്നു മാത്തൂർ. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും കൊവിഡിന് മുന്നിൽ അദ്ദേഹവും തളർന്നു വീണു. കഥകളി ലോകത്തിൽ നികത്താനാവാത്ത വിടവാണ് അത് സൃഷ്ടിച്ചത്.

മാത്തൂരിന്റെ കഥകളി സപര്യയ്ക്ക് 67വയസുണ്ട്. ദമയന്തിയും, പാഞ്ചാലിയും, കുന്തിയും പുലർച്ചെ വരെ നീളുന്ന കളിയരങ്ങുകൾ അദ്ദേഹം പകർന്നാടി. ഭാവപ്പക‌ർച്ചകൾ ആസ്വാദകരെ മാത്തൂരിന്റെ ആരാധകരാക്കി. സ്ത്രീ വേഷങ്ങളിൽ മാത്രമല്ല മാത്തൂർ തിളങ്ങിയത്. കുചേലവൃത്തത്തിലെ കുചേലൻ, ദുര്യോധനവധത്തിലെ കൃഷ്ണൻ, ബാലിവധത്തിലെ നാരദൻ, നളചരിതം മൂന്നാം ദിവസത്തിലെ സുദേവൻ എന്നിങ്ങനെ മാത്തൂരിന്റെ വേഷങ്ങളെല്ലാം ആസ്വാദകരുടെ മനസിലേയ്ക്ക് കൂടിയാണ് കുടിയേറിയത്. കഥകളിപ്പെരുമയിലായിരുന്നു നെടുമുടിയിലെ മാത്തൂർ തറവാട്. മാത്തൂർ തറവാട്ടിലെ കഥകളിക്കളരി കണ്ടുവളർന്ന മാത്തൂർ 14-ാം വയസിൽ അഭ്യസിച്ചു തുടങ്ങി. നെടുമുടി കുട്ടപ്പപ്പണിക്കരായിരുന്നു ആദ്യഗുരുരു. 1957ൽ അരങ്ങേറ്റവും പൂർത്തിയാക്കി. പിന്നീട് കഥകളിക്കായി സമർപ്പിച്ച ജീവിതം. അങ്ങനെയാണ് കഥകളിയുടെ മറുപേര് കുടമാളൂർ കരുണാകരൻ നായരുടെ ശിഷ്യനാക്കുന്നത്.

ശിഷ്യനോടുള്ള വാത്സല്യം തന്റെ മകളെ വിവാഹം ചെയ്ത് നൽകിയാണ് കരുണാകരനാശാൻ പ്രകടിപ്പിച്ചത്. 1967 ൽ കുടമാളൂരിന്റെ മകൾ രാജേശ്വരിയെ വിവാഹം കഴിച്ചതോടെ മാത്തൂർ ഗോവിന്ദൻ കുട്ടി കോട്ടയത്തിന്റെ മരുമകനായി. വൈകാതെ കുടമാളൂർ അമ്പാടി വീട്ടിലേയ്ക്ക് താമസവും മാറ്റി. ആസ്വാദകർക്കൊപ്പം ഇടവേളകളില്ലാതെ സഞ്ചരിച്ച ശേഷമാണ് മാത്തൂരിന്റെ വിയോഗം. കേരളത്തിലെ പ്രമുഖ കലാകാരൻമാർക്കൊപ്പമെല്ലാം മാത്തൂർ കഥകളിയാടി. 1982ൽ ഏഷ്യാഡിൽ കഥകളി അവതരിപ്പിച്ചു.

കളിവിളക്കിന് മുന്നിൽ നിറഞ്ഞാടി

ഇറ്റലി, ജർമനി, ഫ്രാൻസ്, ലണ്ടൻ എന്നീ വിദേശരാജ്യങ്ങളിലും മാത്തൂർ കളിവിളക്കിന് മുന്നിൽ നിറഞ്ഞാടി. കൊവിഡിനെത്തുടർന്നുള്ള ലോക്ഡൗണിന് മുൻപ് വരെ അരങ്ങേറ്റ നാളിലെ അതേ പ്രസരിപ്പോടെ മാത്തൂർ വേഷങ്ങൾ ആടി. തുടർന്ന് ഓൺലൈൻ സെമിനാറുകളിലും യുവാവിനെ പോലെ പങ്കെടുത്തു. മാത്തൂരിൽ മാത്രമൊതുങ്ങുന്നില്ല കഥകളി സപര്യ. പുതുതലമുറയിലേയ്ക്കും അദ്ദേഹം പകർന്നു. മകനും കൊച്ചുമക്കളും കഥകളി ലോകത്തെ നിറസാന്നിദ്ധ്യമാണ്.