kali

കാലിത്തീറ്റ കോഴിത്തീറ്റ വില ഉയരുന്നു

കോട്ടയം : ക്ഷീരകർഷകരെ ദുരിതത്തിലാക്കി കാലിത്തീറ്റ വില കുതിച്ചുയരുന്നു. നാണ്യവിളകൾക്കും ഭക്ഷ്യോത്പന്നങ്ങൾക്കും വിലയിടിവ് നേരിടുമ്പോൾ കാലിത്തീറ്റ വിലയിൽ വർദ്ധനവ് ഉണ്ടായത് ക്ഷീര കർഷകർക്ക് ഇരട്ടിപ്രഹരമായി. വാഴ, കപ്പ, ചേന, ചേമ്പ്, കൈത തുടങ്ങിയ കൃഷികളിൽ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ വന്നതോടെയാണ് കർഷകരിൽ പലരും ക്ഷീര മേഖലയിലേയ്ക്ക് തിരിഞ്ഞത്.

ലോക് ഡൗൺ കാലത്തിന് മുൻപ് കാലിത്തീറ്റകൾക്ക് ഉണ്ടായിരുന്ന വിലയെക്കാൾ ഇരട്ടിയാണ് ഇപ്പോഴത്തെ വിലയെന്ന് വ്യാപാരികളും കർഷകരും പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് കാലിത്തീറ്റകൾ കൂടുതലായി എത്തുന്നത്. മുൻകാലങ്ങളിൽ പശു, ആട്, കോഴി തുടങ്ങിയവ എല്ലാ വീടുകളിലും വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഇന്ന് ചുരുക്കം ചില വീടുകളിലും മറ്റുമാണ് ഇവയെ വളർത്തുന്നത്. ഇത് കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. തീറ്റയുടെ വില വർദ്ധനവ് മൂലം ഫാമുകൾ പലതും കടുത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 510 രൂപയുടെ കോഴിത്തീറ്റ വാങ്ങുമ്പോൾ ഒരു മുട്ടയ്ക്ക് ലഭിക്കുന്നത് 6 രൂപ മാത്രമാണ്.

പച്ചപുല്ല് കിട്ടാനില്ല

കടുത്ത വേനലായതിനാൽ പച്ചപുല്ലിന്റെ ലഭ്യതക്കുറവും ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്നു. അതേസമയം വരും മാസങ്ങളിൽ കാലിത്തീറ്റയുടെ വിലയിൽ വ്യത്യാസം വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഇന്ധന വില വർദ്ധിച്ചത് വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് കാലിത്തീറ്റ കച്ചവടം പൊതുവെ കുറവാണ്.

( കൊച്ചുമോൻ, വ്യാപാരി വ്യവസായ സമിതി അംഗം ഒറവയ്ക്കൽ).

വിലയിങ്ങനെ

പുളിംപൊടി (ഒരു കിലോ): 32 രൂപ (പഴയവില 30 രൂപ)

ഗോതമ്പ് ഉമ്മി (ഒരു കിലോ): 26 (പഴയവില 24 രൂപ)

കാലിത്തീറ്റ (ഒരുചാക്ക്) : 1230 (പഴയവില 1200)

കോഴിതീറ്റ (20 കിലോ ചാക്ക്): 510 രൂപ (പഴയവില 510)