വെച്ചൂർ : വൈക്കം വെച്ചൂർ കൈപ്പുഴമുട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും വെച്ചൂർ ബണ്ട് റോഡിൽ സർവീസ് അവസാനിപ്പിക്കുന്നത് അച്ചിനകം, കൈപ്പുഴമുട്ട് ഭാഗങ്ങളിലുള്ളവർക്ക് ദുരിതമാകുന്നു. ബണ്ട് റോഡിൽ നിന്ന് രണ്ട് കിലോമീ​റ്ററോളം ദൂരം വരുന്ന കൈപ്പുഴമുട്ടിലേക്ക് ബണ്ട് റോഡിൽ ഇറങ്ങുന്ന യാത്രക്കാർ ഒട്ടോറിക്ഷ പിടിച്ചോ നടന്നോ പോകേണ്ട സ്ഥിതിയാണ്. കൈപ്പുഴമുട്ട്, അച്ചിനകം ഭാഗങ്ങളിൽ നിന്ന് ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികളാണ് കൈപ്പുഴമുട്ട് വരെ ബസ് സർവീസ് നീട്ടാത്തതുമൂലം ഏറെ ദുരിതത്തിലായത്. സ്വകാര്യ ബസുകൾ കൈപ്പുഴമുട്ടുവരെ നീട്ടുന്നതിനു ഗതാഗത വകുപ്പ് മന്ത്റി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ നിവേദനം നൽകി.