വൈക്കം താലൂക്ക് ആശുപത്രിയിൽ ശൗചാലയം തുറന്നുകൊടുക്കാൻ നടപടിയില്ല

വൈക്കം : താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും ശൗചാലയ സമുച്ചയം തുറന്നുകൊടുക്കാൻ നടപടിയില്ല.
കെ.കെ.രഞ്ജിത്ത് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോൾ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ചാണ് ശൗചാലയ സമുച്ചയം നിർമ്മിച്ചത്. 2020 സെപ്തംബർ 11നാണ് നിർമ്മാണം പൂർത്തിയാക്കി ശൗചാലയം ഉദ്ഘാടനം ചെയ്തത്. എന്നാൽ നഗരസഭ ഇത് തുറന്നുകൊടുക്കുന്നതിന് നടപടി സ്വീകരിച്ചില്ല. ആശുപത്രിയിലെത്തുന്നവർക്കും കിടത്തി ചികിത്സയിലുള്ളവരുടെ കൂട്ടിരിപ്പുകാർക്കും പ്രാഥമികാവശ്യം നിർവഹിക്കാൻ മതിയായ സൗകര്യമില്ലാത്തപ്പോഴാണ് അധികൃതരുടെ അനാസ്ഥ. വിവിധ സ്ഥലങ്ങളിൽ നിന്ന് താലൂക്ക് ആസ്ഥാനമായ വൈക്കം നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് നഗരത്തിൽ പൊതു സൗകര്യങ്ങൾ പരിമിതമാണ്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ വ്യാപാര സമുച്ചയത്തിലുണ്ടായിരുന്ന ടൊയ്‌ല​റ്റുകൾ വൃത്തിഹീനമാതോടെ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. കംപ്ലീഷൻ സർട്ടിഫിക്ക​റ്റു ലഭിക്കാത്തത് മൂലമാണ് ശൗചാലയം തുറന്നുകൊടുക്കാനാവാത്തതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രി വളപ്പിലെ ശൗചാലയ സമുച്ചയം തുറന്നുകൊടുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.