
കോട്ടയം : പതിനഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തിലും ഇടതുമുന്നണിയെ വിജയിപ്പിച്ച പാരമ്പര്യമാണ് കോട്ടയം മണ്ഡലത്തിനുള്ളതെങ്കിലും 2008 ലെ മണ്ഡല പുനർനിർണയത്തോടെ തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വൻഭൂരിപക്ഷമാണ് കോട്ടയം നൽകിയത്.
1957ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി.ഭാസ്കരൻ നായരാണ് (കോട്ടയം ഭാസി) കോട്ടയത്തെ ആദ്യം ചുവപ്പിച്ചത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.പി.ഗോവിന്ദൻനായരെ 2271 വോട്ടുകൾക്കായിരുന്നു തോൽപ്പിച്ചത്. വിമോചന സമരത്തോടെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട ശേഷം നടന്ന 1960 ലെ തിരഞ്ഞെടുപ്പിൽ ഗോവിന്ദൻനായർ മണ്ഡലം തിരിച്ചു പിടിച്ചു. ആർ ശങ്കർ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയുമായി.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം 1965ൽ സി.പി.എം - സി.പി.ഐ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ സി.പിഎമ്മിന്റെ എം.കെ.ജോർജ് ജയിച്ചു. തുടർന്ന് 67ലും 70ലും എം.കെ.ജോർജ്, എം.തോമസ് എന്നീ സി.പി.എം നേതാക്കൾ തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 77ലെ തിരഞ്ഞെടുപ്പിൽ പി.പി.ജോർജിലൂടെ സി.പി.ഐ കോട്ടയം തിരിച്ചു പിടിച്ചു. 80 ൽ സി.പി.എമ്മിന്റെ കെ.എം.എബ്രഹാം വിജയിച്ചു. 82ൽ എസ്.ആർ.പിയുടെ എൻ.ശ്രിനിവാസൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ച് എക്സൈസ് മന്ത്രിയുമായി. 87ൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ തോൽപ്പിച്ച് വീണ്ടും ചുവപ്പിച്ച ടി.കെ.രാമകൃഷ്ണൻ മന്ത്രിയായി. അലക്സാണ്ടർ ലൂക്കോസെന്ന സ്വതന്ത്രൻ പ്രചാരണത്തിനിടയിൽ മരിച്ചതോടെ ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായിട്ടായിരുന്നു ടി.കെരാമകൃഷ്ണൻ തിരഞ്ഞെടുപ്പിനെ നേരിട്ട് തിരുവഞ്ചൂരിനെ തോൽപ്പിച്ചത്. 91ലും 96ലുംജയത്തോടെ ടി.കെ.രാമകൃഷ്ണൻ ഹാട്രിക് ജയം നേടി. 2001ൽ ഭാര്യ മേഴ്സി രവിയിലൂടെ കോൺഗ്രസ് തിരിച്ചു പിടിച്ച കോട്ടയം 2006 ൽ വി.എൻ.വാസവൻ വീണ്ടും ചുവപ്പിച്ചു. 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാസവനെ തോൽപ്പിച്ച് മന്ത്രിയുമായി. 2016 ലും തിരുവഞ്ചൂരിനായിരുന്നു വിജയം.
ഇടതുകോട്ടകൾ ഏറ്റുമാനൂരിലേക്ക് മാറി
2008ൽ അതിർത്തി പുനർ നിർണയത്തോടെ ഇടതുകോട്ടകളായി അറിയപ്പെട്ടിരുന്ന കുമരകം, തിരുവാർപ്പ്, പഞ്ചായത്തുകൾ ഏറ്റുമാനൂർ മണ്ഡലത്തിലായി. പുതുപ്പള്ളി മണ്ഡലത്തിലെ പനച്ചിക്കാട് പഞ്ചായത്ത് കോട്ടയത്തോട് ചേർത്തു. കോട്ടയം നഗരസഭയും, പനച്ചിക്കാട് , വിജയപുരം പഞ്ചായത്തുകളും ചേർന്ന കോട്ടയം മണ്ഡലം യു.ഡി.എഫ് മണ്ഡലമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ കോട്ടയം നഗരസഭയിൽ യു.ഡി.എഫിന് ഒപ്പമെത്താൻ ഇടതുമുന്നണിയ്ക്കായി. നറുക്കെടുപ്പിലൂടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയെ ചെയർപേഴ്സണാക്കി യു.ഡി.എഫ് നഗരഭരണം പിടിച്ചത്.
2016ലെ നിയമസഭാ തിരഞ്ഞടുപ്പ് ഫലം
തിരുവഞ്ചൂർ രാധാകൃഷ്ണൻ (യു.ഡി.എഫ്) : 73894
റെജി സക്കറിയ (എൽ.ഡി.എഫ് ) : 40262
എം.എസ്.കരുണാകരൻ (എൻ.ഡി.എ ) : 12582
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭൂരിപക്ഷം 33632