ചങ്ങനാശേരി: കൊവിഡ് കാലത്ത് വീട്ടമ്മമാർക്ക് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ചങ്ങനാശേരി യുവജനവേദിയുടെ നേതൃത്വത്തിൽ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് ബോർഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി പോസ്റ്റോഫീസിന് സമീപം മിനി ടൗൺ ഹാളിൽ ത്രിദിന കേക്ക് നിർമ്മാണ പരിശീലന പരിപാടി ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് കേക്ക് മിക്‌സ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നജിയ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ശ്യം സാംസൺ, നാഷണൽ സ്‌കിൽ ഡെവപലപ്‌മെന്റ് ബോർഡ് ഡയറക്ടർ എ.ആർ ഷെഫീഖ്, കൗൺസിൽ ഭാരവാഹികളായ എം.എ സജ്ജാദ്, സന്തോഷ് മൈക്കിൾ, പുഷ്പ ലിജോ, കവിത, ജേക്കബ് കരിയാടിപറമ്പിൽ എന്നിവർ പങ്കെടുത്തു. പരിശീലനം 6ന് സമാപിക്കും.