വൈക്കം: കയർ പ്രോജക്ട് ഓഫീസും ദാരിദ്ര്യ ലഘൂകരണ വിഭാഗവും ചേർന്ന് സംഘടിപ്പിക്കുന്ന കയർ ഭൂവസ്ത്ര സെമിനാറും ധാരണാപത്രം ഒപ്പു വെയ്ക്കലും ചെറുവാങ്ങൂർ കെ.എൻ.ബി ആഡിറ്റോറിയത്തിൽ ഇന്ന് നടക്കും. മാഞ്ഞൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് നേരത്തെ സെമിനാർ നടത്താൻ നിശ്ചയിച്ചിരുന്നത്. പ്രദേശം കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് വേദി മാറ്റുകയായിരുന്നു.

രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത് സെമിനാർ ഉദ്ഘാടനം ചെയ്യും. ഗ്രാമ വികസന കമ്മിഷണറും കയർ വികസന ഡയറക്ടറുമായ വി.ആർ വിനോദ് അദ്ധ്യക്ഷത വഹിക്കും.

കയർ വികസന അഡീഷനൽ ഡയറക്ടർ കെ.എസ് പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ എന്നിവർ സംസാരിക്കും. ഉഴവൂർ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ളാലം, മാടപ്പള്ളി, വാഴൂർ ബ്ലോക്കുകളിൽപ്പെട്ട 40 ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി, മണ്ണ് ജല സംരക്ഷണം, റോഡ് നിർമ്മാണം എന്നിവയ്ക്ക് വിതാനിക്കുന്നതിനുള്ള കയർ ഭൂവസ്ത്രം വാങ്ങുന്നതിനുള്ള ധാരണ പത്രം ചടങ്ങിൽ ഒപ്പുവയ്ക്കും.