എലിക്കുളം:വിവിധ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി വിളിച്ചുകൂട്ടുന്ന ഗ്രാമസഭകൾ കൂടുതൽ സജീവമാകുന്നു.
നാമമാത്രമായ ആളുകൾ മാത്രം പങ്കെടുത്തിരുന്ന ഗ്രാമസഭയിൽ ഇപ്പോൾ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പലമടങ്ങായി വർദ്ധിച്ചു.ജനങ്ങളിലേക്ക് കൂടുതലായി അധികാര വികേന്ദ്രീകരണം കടന്നെത്തിയതാണ് ഗ്രാമസഭകളിൽ ജനപ്രാതിനിത്യം വർദ്ധിക്കാൻ കാരണം.

കഴിഞ്ഞ ദിവസം എലിക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസഭ ജനപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. പൈക ജ്യോതി സ്‌കൂളിൽ നടന്ന ഗ്രാമസഭയിൽ നൂറ്റമ്പതിലേറെപ്പേരാണ് പങ്കെടുത്തത്. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെറ്റി റോയ്, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, രണ്ടാം വാർഡംഗം മാത്യൂസ് പെരുമനങ്ങാട് എന്നിവർ ഗ്രാമസഭയിൽ പങ്കെടുത്തു.

കൂടുതലായി ജനങ്ങളെത്തുന്ന റേഷൻകട, വായനശാല, മറ്റ് പൊതുഇടങ്ങൾ എന്നിവ വഴിയെല്ലാം അറിയിപ്പ് ജനങ്ങളിലെത്തിക്കാൻ സാധിച്ചതാണ് കൂടുതലായി ജനങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകാൻ കാരണമായതെന്ന് വാർഡംഗം മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു.