thariq

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ തറപറ്റിച്ച് കേരളത്തിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അഴിമതിയിൽ മുങ്ങിയ ഇടത് ഭരണത്തെ വോട്ടർമാർ വെറുത്തു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയിലെ വന ജനപങ്കാളിത്തം ഇതിന്റെ തെളിവാണ്. യു.ഡി.എഫ് മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. ജയസാദ്ധ്യത നോക്കിയായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. അതിന് ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും നടത്തുന്നത്. ബൂത്ത് തലത്തിൽ വരെ പ്രവർത്തകരെ ഏകോപിപ്പിച്ചുള്ള ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നത്.

കൂടുതൽ ഘടകകക്ഷികൾ യു.ഡി.എഫിലേക്ക് വരുന്നതടക്കം കാര്യങ്ങൾ കെ.പി.സി.സി തീരുമാനിക്കും. എൻ.സി.പി ഘടകകക്ഷിയാകുമോ മാണി സി കാപ്പനും, പി.സി ജോർജും സ്ഥാനാർത്ഥിയാകുമോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചു.