ഗൃഹനാഥന് കൊവിഡ് സ്ഥിരീകരിച്ചത് യഥാസമയം അറിയിക്കാതെ ആരോഗ്യവകുപ്പ്
പാലാ: ലോക കാൻസർ ദിനത്തിൽ കാൻസർ രോഗിയായ വീട്ടമ്മയോടും കുടുംബത്തോടും ആരോഗ്യവകുപ്പ് ചെയ്തത് കൊടും ചതി. വീട്ടമ്മയുടെ ഭർത്താവിന് കൊവിഡ് പോസിറ്റീവായെങ്കിലും യഥാസമയം ആരോഗ്യവകുപ്പ് വിവരം അറിയിക്കാത്തതാണ് ഇവർക്ക് വിനയായത്.
കരൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലുള്ള കോക്കാപ്പിള്ളി കോളനിയിലാണ് സംഭവം. ലോറിയിൽ ക്ലീനറായി ജോലി ചെയ്തിരുന്ന 55കാരനായ ഗൃഹനാഥന് കഴിഞ്ഞ 27നാണ് പനി തുടങ്ങിയത്. 28ന് പാലാ ജനറൽ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തി. എന്നാൽ പിറ്റേന്ന് ഫലം ലഭിക്കാതിരുന്നപ്പോൾ രോഗമില്ലെന്ന് കരുതി ജോലിക്ക് പോയ്ത്തുടങ്ങി. 31ന് വൈകിട്ട് കോട്ടയം കളക്‌ട്രേറ്റിൽ നിന്നും ഇദ്ദേഹത്തിന് കൊവിഡാണെന്ന് ഫോൺ സന്ദേശമെത്തി. ഈ നാല് ദിവസത്തിനിടെ പള്ളിയിൽ പെരുന്നാളിന് പ്രദക്ഷിണത്തിൽ പങ്കെടുത്ത ഇദ്ദേഹം നാട്ടിലെ ചായക്കടകളിലും പാലാ ടൗണിലെ വിവിധ കടകളിലും പോയിരുന്നു. കാൻസർ രോഗിയായ ഭാര്യയും രണ്ട് മക്കളുമുഉള്ള വീട്ടിലാണ് കഴിഞ്ഞത്. ഭാര്യയുടെ അനുജത്തി മൂന്നാഴ്ച മുമ്പാണ് പ്രസവിച്ചത്. ഈ പിഞ്ചുകുഞ്ഞും അമ്മയും മൂന്നു സെന്റിലെ ഈ കൊച്ചുവീട്ടിൽ ഇവരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഗൃഹനാഥന് രോഗം സ്ഥിരീകരിച്ചതോടെ ഇവരെല്ലാം അങ്കലാപ്പിലാണ്.
കളക്‌ട്രേറ്റിൽ നിന്നുള്ള അറിയിപ്പ് കാൻസർ രോഗിയായ വീട്ടമ്മ ഫോണിൽ വിളിച്ചറിയിക്കുമ്പോഴാണ് കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ പോലും വിവരമറിയുന്നത്. കീമോ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന വീട്ടമ്മ കഴിഞ്ഞ 30 മുതൽ പാലായിലെ ഒരു കടയിൽ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. പിറ്റേന്ന് വൈകിട്ടാണ് ഭർത്താവിന് കൊവിഡാണെന്ന് വിവരം ലഭിക്കുന്നത്. അതേസമയം പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഗൃഹനാഥനെ കൊല്ലപ്പള്ളിയിലുള്ള ഒരു കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.
വലിയ ക്രൂരതയാണ് കുടുംബത്തോട് കാട്ടിയത്. ഭർത്താവിന് രോഗമുണ്ടെന്ന് യഥാസമയം അറിഞ്ഞിരുന്നെങ്കിൽ അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് മാറ്റാമായിരുന്നു. കാൻസർ രോഗിയായ ഞാനും മക്കളും അനുജത്തിയും കൈക്കുഞ്ഞും ഉൾപ്പെടെ ഇതിന്റെ തിക്ത ഫലം അനുഭവിക്കുകയാണിപ്പോൾ. കാൻസർ രോഗിയുമായ വീട്ടമ്മ
ആരോഗ്യവകുപ്പിന്റേത് കൊടുംചതിയായിപ്പോയി. രോഗം സ്ഥിരീകരിച്ച വിവരം യഥാസമയം അറിയാതിരുന്നത് വലിയ പിഴവാണ്. വിഷയം അടുത്ത പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ച ചെയ്യും.
ആനിയമ്മ തടത്തിൽ കരൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡംഗം
കൊവിഡ് കൺട്രോൾ സെല്ലിലെ പിഴവാണ് രോഗിയെ യഥാസമയം വിവരം അറിയിക്കാൻ വൈകിയതിന് കാരണം. സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതിൽ വന്ന കാലതാമസമാണ് ഇവിടെ പ്രശ്‌നമായത്. ഒറ്റപ്പെട്ട ഒരു പാകപ്പിഴയായിപ്പോയി ഇത്
ആരോഗ്യപ്രവർത്തകന്റെ തുറന്നു പറച്ചിൽ