കുമരകം: കൈയേറ്റങ്ങൾ ഒഴിപ്പിക്കാത്തതിനെ തുടർന്ന് കുമരകം റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു. ചെങ്ങളം വായനശാലയ്ക്ക് സമീപം ഇന്നലെ കാറിടിച്ച് സ്കുട്ടർ യാത്രക്കാരിക്ക് പരിക്കേൽക്കാൻ ഇടയാക്കിയത് റോഡ് കൈയേറ്റമാണെന്ന് നാട്ടുകാർ പറയുന്നു. പുരാവസ്തുക്കൾ റോഡിലേക്ക് ഇറക്കി വെച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം.അപകടത്തിൽ ചെങ്ങളം കുഴിപ്പള്ളിക്കു സമീപം താമസിക്കുന്ന വൃന്ദാവൻ സ്റ്റുഡിയോ ഉടമ ബിറ്റുവിന്റെ ഭാര്യ ദിവ്യ (36) നാണ് പരിക്കേറ്റത്. ദിവ്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുമരകം ഭാഗത്ത് നിന്നും വന്ന കാർ എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇല്ലിക്കൽ മുതൽ കവണാറ്റിൻകര വരെയുള്ള കൈയേറ്റം വ്യാപകമാണ്. റോഡും പുറംമ്പോക്കും വ്യാപകമായി കൈയേറിയതിനെതിരെ പലതവണ പരാതി ഉയർന്നിട്ടും പൊതുമരാമത്ത് അധികൃതർ നടപടിയെടുത്തിട്ടില്ല.

അനധികൃത കെട്ടിടം

റോഡരികിലെ വൈദ്യുതി പോസ്റ്റ് ഉള്ളിലാക്കി കെട്ടിടം നിർമ്മിച്ചതിനെതിരെയും നടപടി വൈകുകയാണ്. സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും കെട്ടിടം പൊളിച്ചുമാറ്റാൻ ജെ.സി.ബി ലഭിക്കുന്നില്ലെന്നാണ് തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.