kuttappan

രാക്കാട്: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥനെ സെമിത്തേരിയിൽ അടക്കംചെയ്യുന്നതിന് എതിർപ്പുമായി ഒരുവിഭാഗം രംഗത്തെത്തി. നാട്ടുകാർ സംഘടിച്ചതോടെ എതിപ്പുമായെത്തിയവർ പിൻവാങ്ങി.അടക്കം ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച് പഴയവിടുതിയിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടായത്. .പഴയവിടുതി കാരമലയിൽ കുട്ടപ്പൻ (65) ആണ് ഇന്നലെ പുലർച്ചെ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടപ്പൻ ഒരാഴ്ച മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം അസുഖം മൂർഛിച്ചതിനെ തുടർന്ന് ആദ്യം അടിമാലിയിലെ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടപ്പന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു. തുടർന്ന് പഴയവിടുതിയിൽ ഒരു മത വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുവന്നപ്പോഴാണ് ചിലർ എതിർപ്പുമായി രംഗത്തു വന്നത്. വ്യക്തി വൈരാഗ്യമാണ് തർക്കത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ ബഹളം വച്ചതോടെ എതിർപ്പുന്നയിച്ചവർ സ്ഥലം വിട്ടു. അതിനു ശേഷം സംസ്‌കാര ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തിയാക്കി. ലീലാമ്മയാണ് ഭാര്യ. മക്കൾ: ജോബിന, ജോമോൻ. മരുമക്കൾ: അജി, നിഷ.