കോട്ടയം : ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ എട്ടിന് മഹാത്മാഗാന്ധി സർവകലാശാല കാമ്പസിൽ മഹാത്മാഗാന്ധി, ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഭകളുമായി സംവദിക്കും. 'നവകേരളം യുവകേരളംഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ നൂതനാശയങ്ങളും കാഴ്ചപ്പാടുകളും മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കും. രാവിലെ 11ന് സർവകലാശാല ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന 'സി.എം. അറ്റ് കാമ്പസ്' സംവാദപരിപാടിയിൽ കലാകായികവിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാർത്ഥികൾ നേരിട്ടും ആയിരത്തിലധികം വിദ്യാർത്ഥികൾ ഓൺലൈനായും പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. ധർമ്മരാജൻ എന്നിവർ പങ്കെടുക്കും. വീണ ജോർജ് എം.എൽ.എയാണ് അവതാരക. രാവിലെ 9.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10.15ന് അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് നയിക്കുന്ന 'ഇൻസ്പയർ കേരള' പരിപാടി നടക്കും. തുടർന്ന് വീഡിയോപ്രദർശനം. 11 മുതലാണ് സംവാദം. സംവാദ പരിപാടിയുടെ തത്സമയസംപ്രേഷണം വിദ്യാർത്ഥികൾക്ക് കാണുന്നതിന് കോളേജുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.