
കോട്ടയം: ഹരിതചട്ട പാലനത്തിൽ നൂറിൽ നൂറു മാർക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി മാതൃകാ ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു. സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ച് ഹരിത കേരളം മിഷനാണ് പുരസ്‌കാരം നൽകിയത്. ഹരിത കേരളം മിഷന്റെ മാർഗനിർദേശങ്ങളനുസരിച്ച് ചിട്ടയായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒന്നര വർഷമായി കോട്ടയം നാഗമ്പടത്തെ ആശുപത്രിയിൽ നടത്തിവരുന്നത്. ജീവനക്കാർ പ്ലാസ്റ്റിക് ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ബോട്ടിലുകളുമാണ് ഉപയോഗിക്കുന്നത്. കടലാസ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ജീവനക്കാർ സ്വയം നിർമ്മിച്ച ജൈവ ബിന്നുകളാണ് ഉപയോഗിക്കുന്നത്. പൊതുജന ബോധവത്കരണത്തിന് ആശുപത്രിയിൽ പ്രകൃതി സൗഹൃദ ബോർഡുകളും സ്ഥാപിച്ചു. ആശുപത്രിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും ഹരിത പെരുമാറ്റച്ചട്ടം പൂർണമായും പാലിക്കുന്നു. അകത്തളം മോടിപിടിപ്പിച്ചിക്കാൻ ഉപയോഗ ശൂന്യമായ കുപ്പികളിൽ അലങ്കാര ചെടികൾ നട്ട് വളർത്തുന്നു. കുമാരനെല്ലൂർ കൃഷിഭവന്റെ സഹകരണത്തോടെ മട്ടുപ്പാവ് കൃഷിയും ചെയ്യുന്നുണ്ട്. തക്കാളി, വെണ്ട എന്നിവയുടെ വിളവെടുപ്പ് പൂർത്തിയാക്കി രണ്ടാം ഘട്ട കൃഷിക്ക് തുടക്കം കുറിച്ചു. വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 200 ഗ്രോബാഗുകളിലായി വെണ്ടയും കോളിഫ്‌ളവറും കൃഷി ചെയ്യുന്നു. ആശുപത്രിയിലെ ഭക്ഷണ അവശിഷ്ടം പച്ചക്കറികൾക്ക് വളമായി ഉപയോഗിക്കുന്നു. അജൈവ മാലിന്യം കോട്ടയം നഗരസഭയിലെ ഹരിതകർമ്മസേനക്ക് കൈമാറും. ശലഭോദ്യനം, ജൈവവേലി എന്നിവയും ആശുപത്രി പരിസരത്ത് ഒരുക്കിയിട്ടുണ്ട്. പുനരുപയോഗിക്കാൻ സാധിക്കാത്ത പാസ്റ്റിക് ഉത്പന്നങ്ങൾക്ക് ആശുപത്രിയിൽ പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.