kappan

കോട്ടയം : 1957ൽ കേരള നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാലാ മണ്ഡലം രൂപീകരിച്ചിരുന്നില്ല. മീനച്ചൽ മണ്ഡലമെന്നായിരുന്നു പേര്. 57 ൽ പി.എം.ജോസഫും (കോൺഗ്രസ്), 60ൽ പി.ടി ചാക്കോയും (കോൺഗ്രസ്) ജയിച്ചു. 1965 ൽ പാലാ മണ്ഡലം രൂപീകരിച്ചത് മുതൽ 2016 വരെ പാലായുടെ എം.എൽ.എ കേരളകോൺഗ്രസ് എം പ്രതിനിധി കെ.എം.മാണി മാത്രമായിരുന്നു. 64ൽ കേരളകോൺഗ്രസ് രൂപീകരിക്കുമ്പോൾ കെ.എം.മാണി കോൺഗ്രസിലായിരുന്നു. 65 ൽ പാലായിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മാണിയെ ഇറക്കി.

കോൺഗ്രസിലെ ഏലിക്കുട്ടി തോമസും സ്വതന്ത്രനായ് വി.ടി.തോമസുമായിരുന്നു എതിരാളികൾ. കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കി പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. പിന്നെ മാണിയുഗമായിരുന്നു. 67ൽ എതിരാളികളിൽ പ്രമുഖൻ മുൻ കേന്ദ്രമന്ത്രിയും മേഘാലയ ഗവർണറുമായിരുന്ന കോൺഗ്രസിലെ എം.എം.ജേക്കബായിരുന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ജേക്കബിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു മാണിയുടെ ജയം. സ്വതന്ത്രൻ വി.ടി.തോമസ് രണ്ടാമതെത്തി. 70ലും ജേക്കബ് എതിരാളിയായെത്തി. കടുത്ത മത്സരത്തിൽ 364 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മാണി ജയിച്ചു. 77ൽ എൻ.സി ജോസഫിനെ (സ്വതന്ത്രൻ) 15000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് മാണി തോൽപ്പിച്ചു.

80ൽ എം.എം.ജേക്കബ് വീണ്ടും എതിരാളിയായി. അന്ന് നാലായിരത്തോളമായിരുന്നു ഭൂരിപക്ഷം. 82ൽ ജെ.എ.ചാക്കോയെ (സ്വതന്ത്രൻ) 13000 ത്തോളം വോട്ടിന് തോൽപ്പിച്ചു. 87ൽ കെ.എസ്.സെബാസ്റ്റ്യനെതിരെ നേടിയത് പതിനായിരത്തിലേറെ ഭൂരിപക്ഷമായിരുന്നു. 91ൽ ജോർജ് സി കാപ്പൻ എതിരാളിയായി അന്ന് ഭൂരിപക്ഷം 15000ത്തിന് മുകളിലെത്തി. 96 ൽ സി.കെ.ജീവനെതിരെ (സ്വതന്ത്രൻ) 25000 വോട്ടിന്റേതായിരുന്നു ലീഡ്. 2001ൽ ഉഴവൂർ വിജയൻ എതിരാളിയായി മാണിയുടെ 20000 ന് മുകളിലായിരുന്നു. 200 6ലും 211ലും 2016ലും എതിരാളി മാണി സി കാപ്പനായിരുന്നു. ഭൂരിപക്ഷം 7753, 5259,4703 ആയി ഓരോ തിരഞ്ഞെടുപ്പിലും കുറയ്ക്കാൻ കാപ്പന് കഴിഞ്ഞു. കെ.എം.മാണിയുടെ മരണ ശേഷം 2019ലെ ഉപതിരഞ്ഞെടുപ്പിൽ അരനൂറ്റാണ്ടിലേറെ നീണ്ട മാണിയുടെയും കേരളകോൺഗ്രസ്(എം)ന്റെയും റെക്കാഡ് തകർത്ത് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോസ് ടോമിനെ (കേരള കോൺഗ്രസ്-എം) തോൽപ്പിച്ച് ഇടതു മുന്നണിയ്ക്ക് അട്ടിമറി ജയം നേടികൊടുക്കാൻ കാപ്പന് കഴിഞ്ഞു. ജോസ് വിഭാഗം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് 2021ലേത്.

ജോസ് ഇടത് സ്ഥാനാർത്ഥിയോ?

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി ഇടതുമുന്നണി സ്ഥാനാർത്ഥിയാവുമെന്ന് ഉറപ്പായി. പാലാ സീറ്റ് ജോസിന് നൽകുന്നതിനെതിരെ ഇടതുമുന്നണിയിൽ കലാപം ഉയർത്തി നിൽക്കുന്ന എൻ.സി.പി സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പൻ ആയിരിക്കുമോ എതിരാളി എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണിപ്പോഴും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം (2016)

കെ.എം.മാണി : 58884 വോട്ട്

മാണി സി കാപ്പൻ : 54181

നിയമസഭാ ഉപതിരഞ്ഞെടുപ്പ് (2019 )

മാണി സി കാപ്പൻ : 51194

ജോസ് ടോം : 54137

2020 തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടു നില

ഇടതു മുന്നണി -57357

യു.ഡി.എഫ് - 47994

എൻ.ഡി.എ - 19231