
കോട്ടയം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവ് എങ്ങുമെത്തിയില്ല. നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസത്തോളം മാത്രമുള്ളപ്പോൾ ഒറ്റ തദ്ദേശ സ്ഥാപനവും പകുതി പോലും നികുതി പിരിച്ചിട്ടില്ല. പഞ്ചായത്തുകൾ അദാലത്തിലൂടെ നികുതി പിരിവ് ഊർജിതമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു രൂപ പോലും നികുതി പിരിച്ചിച്ചിട്ടില്ലാത്ത നഗരസഭകളുണ്ട്. 71 പഞ്ചായത്തുകളും ആറ് നഗരസഭകളും ചേർന്ന് 122.09 കോടി രൂപയാണ് നികുതിയിനത്തിൽ പിരിക്കേണ്ടത്.
പിരിച്ചതാകട്ടെ 18.99 കോടി മാത്രം. അടുത്തമാസം 31നുള്ളിൽ 103.05 കോടി പിരിച്ചെടുക്കണം. കൊവിഡും പിന്നാലെ വന്ന തിരഞ്ഞെടുപ്പുമാണ് നികുതി പിരിവിനെ ബാധിച്ചെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. അവലോകനങ്ങളും മറ്റും കുറഞ്ഞതും നികുതി പിരിവിൽ ഉഴപ്പാൻ ഉദ്യോഗസ്ഥർക്ക് താങ്ങായി. പഞ്ചായത്തുകൾ ചേർന്ന് പിരിച്ചെടുക്കാനുണ്ടായിരുന്നത് 48.60 കോടിയാണ്. ഇതിൽ 31.69 കോടി രൂപ ഇപ്പോഴും പിരിക്കാൻ കിടക്കുകയാണ്. നഗരസഭകളെല്ലാം കൂടി 73.49 കോടി രൂപ പിരിക്കേണ്ടതിൽ 2.11 കോടി രൂപമാത്രമാണ് ഇതുവരെ പിരിച്ചത്. കോട്ടയം, വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ നാമമാത്രമായ തുകയാണ് പിരിച്ചെടുത്തിട്ടുള്ളൂ.
ഉഴപ്പി നഗരസഭകൾ
കോട്ടയം: ആകെ നികുതി: 36.61, പിരിച്ചത് 18ലക്ഷം
വൈക്കം: ആകെ നികുതി: 6.36 കോടി, പിരിച്ചത് 1 ലക്ഷം
ഈരാറ്റുപേട്ട: ആകെ നികുതി : 6.80 കോടി, പിരിച്ചത് 1ലക്ഷം
ചങ്ങനാശേരി: ആകെ നികുതി: 12.98 കോടി, പിരിച്ചത് 1.66 കോടി
ഏറ്റുമാനൂർ: ആകെ നികുതി: 2.76 കോടി, 3 ലക്ഷം
പാലാ : ആകെ നികുതി: 7.98 കോടി, പിരിച്ചത് 22 ലക്ഷം