
കോട്ടയം : സ്വകാര്യവാഹനങ്ങളുടെ പരിധി ഇരുപത് വർഷമാക്കി കുറച്ച ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ജില്ലയിലെ സെക്കൻഡ് ഹാൻഡ് വാഹന വിപണിയിൽ ആശങ്ക. കൊവിഡ് കാലത്ത് ഉണർന്ന് തുടങ്ങിയതായിരുന്നു വാഹന വിപണി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനായി പൊതുവാഹനങ്ങൾ സുരക്ഷിതമല്ലെന്ന് കരുതിയ പലരും സെക്കൻഡ് ഹാൻഡ് വാഹനങ്ങളാണ് വാങ്ങിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായുള്ള കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനമെത്തിയത്.
ഇത് നടപ്പാക്കിയാൽ 2000 ന് മുകളിലുള്ള എല്ലാ വാഹനങ്ങളും നിരത്തിൽ നിന്ന് അപ്രത്യക്ഷമാകും. ഇപ്പോൾ വിപണിയിൽ എത്തുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളിൽ ഏറിയ പങ്കും 2010 ന് മുകളിലുള്ള വാഹനങ്ങളാണ്. പത്തു മുതൽ പതിനഞ്ചു വർഷമെങ്കിലും ഉപയോഗിച്ച ശേഷമാണ് പലരും വാഹനങ്ങൾ വിൽക്കുന്നത്. ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പതിനഞ്ച് വർഷത്തിന് ശേഷം റീടെസ്റ്റും ചെയ്താണ് സാധാരണക്കാരിൽ പലരും നിരത്തിൽ ഇറക്കുന്നത്. ഇത്തരം വാഹനങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും മാറേണ്ടി വരുമെന്ന ഭീതിയിലാണ് ആളുകൾ.
വ്യക്തതയില്ലാത്ത നിയമം
ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപനം നടത്തിയത് അല്ലാതെ മോട്ടോർവാഹന വകുപ്പിന് ഇതു സംബന്ധിച്ചുള്ള കൃത്യമായ മറുപടികൾ ലഭിച്ചിട്ടില്ല. നിയമം നടപ്പാക്കിയാൽ ജില്ലയിലെ അൻപത് ശതമാനം വാഹനങ്ങളെങ്കിലും പൊളിച്ചു മാറ്റേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര സർക്കാരിൽ നിന്ന് ഉത്തരവ് ലഭിക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് കണക്കുകൾ ശേഖരിച്ചിട്ടുമില്ല.
ബഡ്ജറ്റിലുണ്ടായ പ്രഖ്യാപനം മാത്രമാണ് കേട്ടിരിക്കുന്നത്. മറിച്ചുള്ള വിവരം ഒന്നും ഇപ്പോഴില്ല. ഇതു സംബന്ധിച്ച് എന്തെങ്കിലും നിർദേശം വരുമ്പോൾ മാത്രമേ കൃത്യമായ കണക്കുകൾ ലഭിക്കൂ.
വി.എം ചാക്കോ
ആർ.ടി.ഒ കോട്ടയം