തലയോലപ്പറമ്പ് : എറണാകുളം - ഏ​റ്റുമാനൂർ സംസ്ഥാന പാതയിൽ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി മുറിഞ്ഞപുഴയിൽ ഇടത്താവളമൊരുക്കുന്നു. മുറിഞ്ഞപുഴ പാലത്തിന്റെ വടക്കേക്കരയിൽ പടിഞ്ഞാറ് ഭാഗത്ത് റോഡിനോട് ചേർന്ന് പുഴയോരത്തിന് സമീപത്തുള്ള 40 സെന്റ് സ്ഥലത്താണ് സംസ്ഥാന സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് ഇടത്താവളമൊരുക്കുന്നത്. സാനിട്ടറി സമുച്ചയം, കുടുംബശ്രീയുടെ ലഘുഭക്ഷണശാല, വിശ്രമകേന്ദ്രം എന്നിവ ഉൾപ്പെടുന്ന ഇടത്താവളം തിരക്കേറിയ വീഥിയിലൂടെ കടന്നപോകുന്ന സഞ്ചാരികൾക്ക് മൂവാ​റ്റുപുഴയാറിന്റെ മനോഹാരിത മിഴിവേകുന്ന പ്രശാന്തത സമ്മാനിക്കും. ഇന്ന് ഉച്ചയ്ക്ക് 2 ന് സി.കെ.ആശ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിക്കും.