ചങ്ങനാശേരി: മാലിന്യം, കുടിവെള്ളം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി. മാലന്യനീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾക്കും പുതിയ രണ്ടു വാഹനങ്ങൾ ക്രമീകരിക്കും.
നഗരത്തിലെ വിവിധയിടങ്ങിൽ മാലിന്യം കുന്നുകൂടുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ എയറോബിക് ബിന്നുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. മാലിന്യം നീക്കത്തിനായി ഹരിതകർമ്മസേനകളുടെ പ്രവർത്തനം ഊർജ്ജസ്വലമാക്കും. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. കല്ലിശ്ശേരി പദ്ധതിയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായും, കറ്റോട് പദ്ധതിയിൽനിന്നുള്ള ജലവിതരണം ഭാഗികമായി മുടങ്ങികിടക്കുന്നതിനാൽ നഗരത്തിൽ പലഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്നും കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കും. വാഹനം കരാറിനെടുത്ത് ജലവിതരണവകുപ്പിന്റെ സഹകരണത്തോടെയായിരിക്കും കുടിവെള്ളവിതരണം നടത്തുക. ആദ്യഘട്ടത്തിൽ ഒരു മാസക്കാലത്തേയ്ക്കാണ് ഈ ക്രമീകരണം.