കട്ടപ്പന: ലൈസൻസും മതിയായ രേഖകളുമില്ലാതെ വെൽഡിംഗ് ജോലികൾ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജനുവരി 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഒൻപതിന് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പ് സമരം നടത്തും. ജില്ലയിൽ രാവിലെ 10ന് കട്ടപ്പന നഗരസഭ കാര്യാലയത്തിനു മുമ്പിലും നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസ് പടിക്കലും ധർണ നടക്കും.
നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ കടന്നുകയറ്റം മൂലം സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങൾ പൂട്ടൽ ഭീഷണിയിലാണ്. യാതൊരു സുരക്ഷ മുൻകരുതലുകളുമില്ലാതെയാണ് ഇത്തരക്കാർ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂടാതെ കെ.എസ്.ഇ.ബിയിൽ നിന്നു പെർമിറ്റ് നൽകുമ്പോൾ ലൈസൻസ് നമ്പർ പരിശോധിക്കണമെന്നും ജില്ലാ പ്രസിഡന്റ് സി.എൻ. സോജൻ, സെക്രട്ടറി ഷൈബു ജോൺ, റോയി കുര്യാക്കോസ്, വർഗീസ് സാമുവൽ, ജയ്‌സൺ പേഴത്തുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.