കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.കെ.ടി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് രാവിലെ 11ന് കളക്‌ട്രേറ്റ് പടിക്കൽ മാർച്ചും ധർണയും നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.കെ. സുനിൽകുമാർ, ട്രഷറർ എ.വി. അന്നമ്മ, വൈസ് പ്രസിഡന്റുമാരായ ബി. മനോഹരൻ, മേഴ്‌സി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.വി. രാജു, ഒ.ആർ. ശശിധരൻ, ലിസമ്മ കുരുവിള എന്നിവർ നേതൃത്വം നൽകും. 2014 മുതൽ നൽകാനുള്ള പ്രസവാനുകൂല്യ തുകയായ 13,000 രൂപ ഉടൻ നൽകുക, അംശാദായ വർദ്ധനയ്ക്ക് ആനുസൃതമായി സർക്കാർ വിഹിതം വർദ്ധിപ്പിക്കുക, പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, ജില്ലാ ഓഫീസിൽ ജീവനക്കാരെ നിയമിക്കുക, ആനുകൂല്യ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
49,868 അംഗങ്ങൾക്ക് പ്രസവാനുകൂല്യവും പതിനായിരത്തിൽപ്പരം പേർക്ക് പെൻഷൻ കുടിശികയുമായി വൻ തുകയാണ് നൽകാനുള്ളത്. വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് നൽകിയ നിവേദനം പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അദാലത്തിന്റെ പ്രവർത്തന ഏകീകരണത്തിലെ പിഴവ് മൂലം നിരവധി പേർക്ക് പരാതി നൽകാൻ കഴിഞ്ഞില്ലെന്നും ഭാരവാഹികളായ കെ.എൻ. ചന്ദ്രൻ, ടി.കെ. സുനിൽകുമാർ, എ.വി. അന്നമ്മ എന്നിവർ ആരോപിച്ചു.