
ജില്ലയുടെ കിഴക്കൻമേഖലയിൽ മണ്ണെടുപ്പ് വ്യാപകം
നെടുംകുന്നം: നിമിഷങ്ങൾക്കകം അപ്രത്യക്ഷമാകുന്ന വലിയ കുന്നുകൾ, കൺകെട്ട് വിദ്യ ഒന്നുമല്ല. ജില്ലയുടെ കിഴക്കൻമേഖലയിൽ കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് വില്പന വ്യാപകമാകുകയാണ്. കറുകച്ചാൽ, നെടുംകുന്നം ഉൾപ്പെടെയുള്ള മേഖലകളിലാണ് കുന്നിടിക്കൽ വ്യാപകമായി നടക്കുന്നത്. പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയും വാങ്ങിയ ശേഷമാണ് കുന്നിടിക്കലും മണ്ണ് വില്പനയും. ഈ രേഖകളുടെ മറവിൽ ജീവനക്കാരുടെ ഒത്താശയോടെ ആയിരകണക്കിന് ലോഡ് മണ്ണാണ് പ്രദേശത്ത് നിന്നും കടത്തുന്നത്. 10 മുതൽ 20 സെന്റ് വരെ സ്ഥലത്തിനാണ് മണ്ണെടുക്കാൻ അനുമതി നല്കുന്നത്. അതിനാൽ, ഒരേസ്ഥലം വിവിധ പ്ലോട്ടുകളിലായി വിവിധയാളുകളുടെ പേരിൽ വാങ്ങിയശേഷവും മണ്ണെടുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. മുൻകാലങ്ങളിൽ സമാനരീതിയിൽ ഇവിടെ മണ്ണെടുപ്പ് വ്യാപകമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇത് നിർത്തലാക്കിയത്. പത്തനാട്, എൻ.എസ്.എസ് പടി,ഉമ്പിടി,ശാന്തിപുരം,തോട്ടയ്ക്കാട്,വാഴൂർ എന്നിവിടങ്ങളിലാണ് നിലവിൽ മണ്ണെടുപ്പ് നടക്കുന്നത്. എന്നാൽ, കൃത്യമായ പരിശോധനയോ അന്വേഷണമോ നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
കുടിനീരിനായി അലഞ്ഞ്....
മണ്ണെടുപ്പ് പ്രദേശത്തെ കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 40 ൽ അധികം കുടിവെള്ളപദ്ധതികൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ കുന്നുകൾക്ക് മുകളിലാണ് പഞ്ചായത്തിലെ കുടിവെള്ള പദ്ധതികളുടെ ടാങ്കുകൾ ക്രമീകരിച്ചിരിക്കുന്നത്. അനധികൃത ഖനനം മൂലം ജലക്ഷാമം രൂക്ഷമാണ്.
പാലിക്കേണ്ട നിബന്ധനകൾ
പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനായി അപേക്ഷ നല്കണം. മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിൽ അപേക്ഷ നല്കണം. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷമേ അനുമതി നൽകാവൂ. ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിലേക്ക് അടയ്ക്കണം. എന്നാൽ മാത്രമേ മണ്ണ് ലോഡുകളായി കൊണ്ടുപോകാൻ സാധിക്കൂ.
പ്രതികരണം
കുന്നുകൾ ഇടിച്ചു നിരത്തുന്നതുമൂലം ജലത്രോതസുകളെയാണ് ഇത് ബാധിക്കുന്നത്. വേനൽ കടുക്കുന്നതിന് മുൻപേ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്.
(എബ്രഹാം ജോസ് റിട്ട.അദ്ധ്യാപിക)
കുന്നുകൾ വ്യാപകമായി നിരത്തുമ്പോഴും അധികൃതർ മൗനം പാലിക്കുന്നത് മണ്ണ് ലോബികൾക്ക് സഹായകമാകുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ലോറികൾ ചീറിപ്പായുന്നത്.
( ഉണ്ണികൃഷ്ണൻ, പ്രദേശവാസി)