
കോട്ടയം : അഞ്ചു പതിറ്റാണ്ടോളമായുള്ള കലാജീവിതത്തിന് ലഭിച്ച അംഗീകാരമാണ് പ്രദീപ് മാളവികയ്ക്ക് ലഭിച്ച സംഗീത നാടക അക്കാഡമിയുടെ പുരസ്കാരം. പ്രതിസന്ധികൾക്കിടയിലും കലയെ നെഞ്ചോട് ചേർത്താണ് വൈക്കം മാളവികയുടെ സാരഥിയും പ്രധാന നടനുമായ പ്രദീപ് കഴിഞ്ഞ 48 വർഷമായി ഈ മേഖലയിൽ നിറഞ്ഞു നിൽക്കുന്നത്. ഏഴാംക്ലാസിൽ തുടങ്ങിയ നാടക ജീവിതം പ്രൊഫഷണൽ -അമച്ച്വർ നാടകവേദികളിലും എണ്ണിയാൽ തീരാത്താ നാടകകളരികളിലൂടെയും അഭംഗുരം ഒഴുകുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ അവാർഡ് നേടിയ യൗവനങ്ങളുടെ നൊമ്പരം, കന്യാകുമാരിയിൽ ഒരു കടങ്കഥ, ആയിരം സൂര്യ ഗായത്രികൾ, ആശ്ചര്യചൂഡാമണി എന്നീ നാടകങ്ങളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. 2002ൽ വൈക്കം മാളവികയുടെ ആൾക്കൂട്ടത്തിൽ തനിയെ എന്ന നാടകത്തിലെ 85 വയസുള്ള ചെരുപ്പുകുത്തിക്ക് സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് തുടങ്ങി അഞ്ഞൂറോളം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കോട്ടയം ദേശാഭിമാനി, വൈക്കം വിപഞ്ചിക, ചേർത്തല നാടകരംഗം, ആലുവ മൈത്രി കലാകേന്ദ്രം ,കൊച്ചിൻ സംഘമിത്ര, ചേർത്തല ജൂബിലി, കോട്ടയം ദൃശ്യവേദി ,വൈക്കം മാളവിക, തുടങ്ങിയ നാടക ഗ്രൂപ്പുകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. നൂറിൽപ്പരം നാടകങ്ങൾ ആകാശവാണിക്ക് വേണ്ടി അഭിനയിച്ചിട്ടുണ്ട് .10 സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കലാകാരന്മാർക്ക് വേണ്ടി നിരവധി തവണ നാടകങ്ങൾ അവതരിപ്പിച്ചു സാമ്പത്തിക സഹായങ്ങൾ നൽകിയിട്ടുണ്ട്. നന്മഎന്ന ചാരിറ്റി സംഘടനയുടെ ചെയർമാനുമാണ്.