പള്ളിക്കത്തോട്:കൂരാലി ഒറവയ്ക്കൽ റോഡിന്റെ നവീകരണത്തിന് 5.5കോടി രൂപ അനുവദിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയാണിത്. കിഴക്കൻമേഖലയിൽ നിന്നെത്തുന്നവർക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നതിനും പടിഞ്ഞാറൻ മേഖലയിലേക്ക് യാത്ര ചെയ്യേണ്ടവർക്കും ആശ്രയിക്കാവുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡാണ് കൂരാലി ഒറവക്കൽ റോഡ്.
നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.പാത കടന്നുപോകുന്നത് കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ എന്നീ പൊതുമരാമത്ത് റോഡ് ഡിവിഷനുകളുടെ കീഴിലായതിനാൽ 3 ഡിവിഷന്റെ കീഴിൽ ടെൻഡർ വിളിച്ചാണ് പണികൾ നടത്തുന്നത്. കാഞ്ഞിരപ്പള്ളി ഡിവിഷൻ 2 കോടിയും പാമ്പാടി ഡിവിഷൻ 2 കോടിയും പാലാ ഡിവിഷൻ 1.5 കോടിയും നവീകരണത്തിനായി ചിലവഴിക്കും. ബി.എം.ബി.സി നിലവാരത്തിലാണ് ടാറിംഗ് നടത്തുന്നത്.
പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അരുവിക്കുഴി വെള്ളച്ചാട്ടം ഈ റൂട്ടിലാണ്. ആലപ്പുഴ, കുമരകം തുടങ്ങിയ കേന്ദ്രങ്ങൽ സന്ദർശിച്ചെത്തുന്ന വിനോദസഞ്ചാരികൾക്ക് അരുവിക്കുഴിയിലെത്തിയതിനുശേഷം തേക്കടി, വാഗമൺ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്നതിനും എളുപ്പവഴിയാണിത്.