വെളിച്ചമില്ല, അഴിഞ്ഞാടി മദ്യപൻമാർ
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വെളിച്ചമെത്തിക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കാമോ നഗരഭരണാധികാരികളെ....? ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെ ആകെ അപേക്ഷയാണിത്.സ്റ്റാൻഡിലെ ദുരവസ്ഥകൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാനെ നേരിൽ കണ്ടിരുന്നു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. പാലാ പട്ടണത്തിന്റെ ഹൃദയ ഭാഗമായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് കഴിഞ്ഞ കൗൺസിൽ കാലത്ത് ലക്ഷങ്ങൾ മുടക്കി ടൈൽ പാകി നവീകരിച്ചിരുന്നു. പക്ഷേ നേരമിരുട്ടിത്തുടങ്ങിയാൽ ബസ് കയറാൻ സ്റ്റാൻഡിൽ ചെല്ലണമെങ്കിൽ ടോർച്ചോ ചൂട്ടുകറ്റയോ മെഴുകുതിരിയോ വേണം. വെളിച്ചം ഇല്ലേയില്ല. ബസ് സ്റ്റാൻഡ് നവീകരിച്ചെങ്കിലും ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് പോലും തെളിക്കാൻ അധികാരികൾക്കായിട്ടില്ല. നേരമിരുട്ടിത്തുടങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി ബസ് സ്റ്റാൻഡും പരിസരവും മാറുകയാണ്. പകൽസമയത്ത് വനിതാ പൊലീസിനെ പോലും കൈയേറ്റം ചെയ്ത സ്ഥലത്ത് സന്ധ്യയ്ക്ക് ബസ് കാത്ത് നിൽക്കുന്ന സ്ത്രീകളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.
മദ്യപാനം,പിന്നെ കൈയേറ്റം
സ്റ്റാൻഡിന്റെ പ്രധാന കെട്ടിടത്തിന്റെ മുകൾ നിലകളിൽ സന്ധ്യയോടെ സാമൂഹ്യവിരുദ്ധരെത്തും. ഇവിടെ മദ്യപാനവും പ്രകൃതിവിരുദ്ധ നടപടികളുമൊക്കെ അരങ്ങുതകർക്കുകയാണ്. ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ കൈയേറ്റം ചെയ്യുന്നതും പതിവാണ്.
യാത്രക്കാരെപ്പോലെ വ്യാപാരികൾക്കും ഇവരുടെ ശല്യം അസഹനീയമാണ്. രാത്രിയിൽ ബസുകൾ ഈ സ്റ്റാൻഡിൽ കയറാറില്ല. എന്നാൽ മലബാർ മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സന്ധ്യയോടെയാണ് ഇവിടെയെത്തി പാർക്ക് ചെയ്യുന്നത്. അവിടേക്കുള്ള യാത്രക്കാർക്കും സ്റ്റാൻഡിലെ വെളിച്ചക്കുറവും സാമൂഹ്യവിരുദ്ധ ശല്യവും പ്രശ്‌നമാകുന്നുണ്ട്. പൊലീസ് പലപ്പോഴും സ്റ്റാൻഡിന് സമീപമുള്ള മെയിൻ റോഡിൽക്കൂടി കടന്നുപോകാറുണ്ടെങ്കിലും സ്റ്റാൻഡിലേക്ക് തിരിഞ്ഞുനോക്കാത്തതും സാമൂഹ്യവിരുദ്ധർക്ക് സൗകര്യമാണ്.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഞങ്ങളുടെ അവസ്ഥ പരമ ദയനീയമാണ്. സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം കൂടിയായതിനാൽ പല വ്യാപാരികളും ഇവിടെനിന്ന് കടതന്നെ നിർത്തിപോയിട്ടുണ്ട്. മറ്റു വ്യാപാരികളും ഇവിടെനിന്ന് കട ഉപേക്ഷിച്ച് പോകാനുള്ള തീരുമാനത്തിലാണ്. ഇക്കാര്യങ്ങളെല്ലാം മുനിസിപ്പൽ ചെയർമാനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
സുനിൽ കല്ലറക്കൽ,കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ വ്യാപാരി.