വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് ദേവസ്വം ബോർഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ബോർഡംഗം പി.എം തങ്കപ്പൻ പറഞ്ഞു. കാലാക്കൽ ക്ഷേത്ര ഉപദേശകസമിതി നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപദേശക സമിതി ബോർഡ് മെമ്പറിന് നിവേദനം കൈമാറി. വടക്കേനട റോഡിൽ നിന്നും ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ട് വഴി കാലാക്കൽ ക്ഷേത്രത്തിലേക്ക് നടപ്പാത നിർമ്മിക്കണമെന്നും ഇത് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് വരാൻ എളുപ്പവഴിയാകുമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭക്തരുടെ സൗകര്യാർത്ഥം ക്ഷേത്രം വക സ്ഥലത്ത് ടോയിലറ്റ് ബ്ലോക്ക് നിർമ്മിക്കണം. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തോട് ചേർന്ന് കാണിക്കവഞ്ചി നിർമ്മിക്കണമെന്നും ഉപദേശകസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ് ചന്ദ്രൻ മൂശാറയിൽ അദ്ധ്യക്ഷത വഹിച്ചു. അസി.കമ്മീഷണർ കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ആർ ബിജു, ജൂനിയർ സൂപ്രണ്ട് സി.എസ് ഭാവന, അസി.എൻജിനീയർ ശ്യാമപ്രസാദ്, ഉപദേശകസമിതി സെക്രട്ടറി മോഹൻ പുതുശ്ശേരി, വൈസ് പ്രസിഡന്റ് സുധാകരൻ കാലാക്കൽ, കെ.കെ വിജയപ്പൻ, കെ.വി പവിത്രൻ, ഗോപകുമാർ വല്യാറമ്പത്ത്, വിനോദ് തുണ്ടത്തറ, രാജേഷ്, ശരത്, ക്ഷേത്രം ശാന്തി മനീഷ് എന്നിവർ പങ്കെടുത്തു.