oomen

കോട്ടയം : അരനൂറ്റാണ്ടിലേറെയായി കുഞ്ഞൂഞ്ഞ് കൈവെള്ളയിൽ വച്ചു സൂക്ഷിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ 1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.സി.ചെറിയാനായിരുന്നു ജയം. 1396 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇ.എം.ജോർജിനെയാണ് തോൽപ്പിത്. 60ലും പി.സി.ചെറിയാൻ ജയിച്ചു. എതിരാളി സി.പിഐയിലെ എം.തോമസായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം 65ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ.തോമസ് രാജനെ തോൽപ്പിച്ച ഇ.എം ജോർജിലൂടെ സി.പി.എം പുതുപ്പള്ളി ആദ്യമായി ചുവപ്പിച്ചു. 67 ലും ഇ.എം.ജോർജിലൂടെ സി.പി.എം പുതുപ്പള്ളി നിലനിറുത്തി. 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഉമ്മൻചാണ്ടി 27ആം വയസിൽ കന്നിപോരാട്ടത്തിനിറങ്ങി. സിറ്റിംഗ് എം.എൽ.എ ഇ.എം.ജോർജിനെ 7233 വോട്ടിന് തോൽപ്പിച്ചു. പുതുപ്പള്ളിയുടെ ചുവപ്പ് മേലാപ്പ് മാറ്റി ത്രിവർണ പതാക പാറിച്ച ഉമ്മൻചാണ്ടിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സി.പി.എം മാറി മാറി പലരെയും പരീക്ഷിച്ചെങ്കിലും ഉമ്മൻചാണ്ടിയുടെ ലീഡ് ഒന്നു രണ്ടു തവണ കുറച്ചതിനപ്പുറം ജയിക്കാനായില്ല.

1977ൽ പി.സി.ചെറിയാൻ, 80 ൽ എം.ആ‌.ജി പണിക്കർ, 82 ൽ തോമസ് രാജൻ , 87 ലും 01ലും വി.എൻ.വാസവൻ, 96 ൽ റെജി സഖറിയ, 2001 ൽ ചെറിയാൻ ഫിലിപ്പ്, 2006 ൽ സിന്ധു ജോയ്, 2011 ൽ സുജ സൂസൻ ജോർജ്, 2016 ൽ ജയ്ക്ക് സി തോമസ് തുടങ്ങിയവരെയാണ് സി.പി.എം പരീക്ഷിച്ചത്. വാസവനും, ജയ്ക്കിനും മാത്രമാണ് ലീഡ് അല്പം കുറയ്ക്കാനായത്. 2011ൽ സുജ സൂസൻ ജോർജിനെതിരെ നേടിയ 33255 വോട്ടാണ് ഉയർന്ന ഭൂരിപക്ഷം. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടി കോൺഗ്രസ് പ്രചാരണ നായകനായാണ് 2021ലും പുതുപ്പള്ളിയിൽ മത്സരരംഗത്തുള്ളത്. ഇടയ്ക്ക് പുതുപ്പള്ളി വിട്ട് ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണം ഉന്നത കോൺഗ്രസ് നേതാക്കൾ നടത്തിയെങ്കിലും അരനൂറ്റാണ്ടായി കാത്തു സൂക്ഷിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു മണ്ഡലമാറ്റം മുളയിലേ ഉമ്മൻചാണ്ടി നുള്ളി.

തദ്ദേശത്തിൽ ഇടത് അട്ടിമറി

തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളും ഇടതുമുന്നണി പിടിച്ചെടുത്തത് യു.‌ഡി.എഫിനെ ഞെട്ടിച്ചിരുന്നു. എന്നാൽ ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയായാൽ തദ്ദേശ തിരഞ്ഞെടുപ്പ് പോലാകില്ല കാര്യങ്ങൾ എന്നറിയാമെങ്കിലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പരിഗണനയിലുള്ള ഉമ്മൻചാണ്ടിക്കെതിരെ വെല്ലുവിളി ഉയർത്താൻ കഴിയുന്ന ശക്തനായ എതിരാളിയെ കണ്ടെത്താൻ സി.പി.എം ശ്രമം തുടരുകയാണ്. പുതുപ്പള്ളി ,മണർകാട്, പാമ്പാടി, അകലക്കുന്നം, അയർകുന്നം, കൂരോപ്പട, മീനടം, വാകത്താനം, പഞ്ചായത്തുകൾ ചേർന്നതാണ് പുതുപ്പള്ളി മണ്ഡലം.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം : 2016

ഉമ്മൻചാണ്ടി : 71597

ജയ്ക്ക് സി തോമസ് : 44505

ഭൂരിപക്ഷം : 27092

തദ്ദേശ തിരഞ്ഞെടുപ്പ് 2020

എൽഡി.എഫ് : 52433

യു.ഡി.എഫ് : 51570

എൻ.ഡി.എ : 20169

.