പൊൻകുന്നം: വാട്ടർ അതോറിട്ടിയിൽ നിന്നുള്ള ജലവിതരണം മുടങ്ങിയാലും ബില്ല് വിതരണം കിറുകൃത്യമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ചിറക്കടവ് പഞ്ചായത്തിൽ മൂലകുന്ന്,ചിറക്കടവ് സെന്റർ തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളാണ് പരാതിക്കാർ. മാസം 200 രൂപ വീതം കൃത്യമായി ബില്ലടയ്ക്കുന്നുണ്ട്. പക്ഷേ വെള്ളം കിട്ടുന്നില്ല. മെയിൻ പൈപ്പ് കടന്നുപോകുന്ന പ്രദേശങ്ങളിൽ തുടക്കത്തിലുള്ളവർ വെള്ളം എടുക്കുന്നതിനാൽ അകലെയുള്ളവർക്ക് വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. കൂടുതൽ ശക്തിയിൽ വെള്ളം പമ്പുചെയ്താൽ പൈപ്പ് പൊട്ടുന്നത് പതിവാണ്. ടൗണിലെ ഓവർഹെഡ് ടാങ്കിൽ നിന്നും ചിറക്കടവിന് പോകുന്ന പൈപ്പിന്റെ വാൽവിന്റെ ഷട്ടർ അടഞ്ഞതുമൂലമാണ് ജലവിതരണം മുടങ്ങിയതെന്നും പ്രശ്‌നം പരിഹരിച്ചെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.