
പൊൻകുന്നം : ഉപ്പില്ലാത്തതിനെ തുടർന്ന് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യകിറ്റ് വിതരണം മുടങ്ങി. കാഞ്ഞിരപ്പള്ളി താലൂക്കിൽ കിറ്റ് വിതരണം തകൃതിയായി നടക്കുന്നതിനിടെയാണ് ഉപ്പ് തീർന്നുപോയത്. ഭാഗ്യത്തിന് മഞ്ഞ പിങ്ക് കാർഡുകളുടെ കിറ്റ് വിതരണം പൂർത്തിയായിരുന്നു. അതുകൊണ്ട് പാവങ്ങൾക്ക് ഉപ്പുകൂട്ടി കഞ്ഞികുടിക്കാം. നീല വെള്ള കാർഡുടമകളുടെ കഞ്ഞിയിലാണ് ഉപ്പില്ലാതായത്. 9 ഇനം സാധനങ്ങളിൽ ഉപ്പ് ഒഴിച്ചുള്ളവ എല്ലാം എത്തിയിരുന്നു. ഉപ്പിനുവേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയോളമാകുന്നു. ഉപ്പിനുപകരം മറ്റെന്തെങ്കിലും സാധനം നിറച്ച് വിതരണം ചെയ്യാമെന്ന് അധികൃതർ ഇടയ്‌ക്കൊന്ന് ആലോചിച്ചതാണ്. പിന്നെയാണ് വീണ്ടുവിചാരമുണ്ടായത്. ഇനി ഉപ്പിനുപകരം ഇന്തുപ്പ് നിറക്കാമെന്നുവച്ചാലും ഇത് എന്തുപ്പ് എന്ന ചോദ്യം വരും. അതുകൊണ്ട് കാത്തിരിക്കാനാണ് സപ്ലൈകോ അധികൃതർ വെള്ള നീല കാർഡ് ഉടമകളോട് പറയുന്നത്. കഴിഞ്ഞ ആഴ്ച ഉറപ്പായും ഉപ്പ് വരും അപ്പോൾ കിറ്റുതരാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഉപ്പും വന്നില്ല കിറ്റും തന്നില്ല. ഇപ്പോൾ പറയുന്നു ഈ ആഴ്ചയെന്ന്. എന്തായാലും കാത്തിരുന്ന് കാണാം.