
കോട്ടയം : വന്യമൃഗശല്യം തുടർക്കഥയായതോടെ മലയോരമേഖല ഭീതിയിൽ. കാട്ടാന മുതൽ കാട്ടുപന്നിവരെയുള്ളവയുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് നാട്ടുകാർ. കോരുത്തോട്,വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമാണ്. കോരുത്തോട്, വണ്ടൻപതാൽ, എരുമേലി എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം ഭീഷണിയുയർത്തുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഏക്കർ കണക്കിന് കൃഷിയാണ് കാട്ടാനകളും കാട്ടുപന്നിയും നശിപ്പിച്ചത്. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗം ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണ്. ഇതോടൊപ്പമാണ് മലയണ്ണാനും കാട്ടുപൂച്ചയും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്. കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്ന കുരങ്ങിന്റെ ശല്യം വേറെയും.
വേനൽ കൂടിയതും കാരണം
വേനൽ ആരംഭിച്ചതോടെയാണ് വന്യമൃഗങ്ങൾ വനമേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. കാട്ടാനകളെ നിയന്ത്രിക്കാൻ സോളർ വൈദ്യുതിവേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന വനപാലകരുടെയും ജനപ്രതിനിധികളുടെയും പ്രഖ്യാപനങ്ങളും പാഴ്‌വാക്കായി. കഴിഞ്ഞ ദിവസം കാളകെട്ടിയിൽ റോഡിലിറങ്ങിയ കാട്ടാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ചുഴറ്റിയെറിഞ്ഞു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. വേനൽ കടുത്തതോടെ അഴുതയാറ്റിലും പതിവായി ആനക്കൂട്ടമെത്താറുണ്ട്. ഇതോടെ കുളിക്കാനും മറ്റും ആറ്റിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
കാട്ടുപന്നിയെ കൊന്നില്ല
പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, പ്ളാച്ചേരി മുക്കൂട്ടുതറ മണിപ്പുഴ പ്രദേശങ്ങളിൽ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അപേക്ഷ ഡി.എഫ്.ഒയുടെ ഫയലിലാണ്. ഇവിടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ജാഗ്രതാ സമിതികൾ കൂടിയെങ്കിലും വെടിവയ്ക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ല.
ശല്യം ഇവ
ആന
പന്നി
കുരങ്ങ്
പാമ്പ്
മയിൽ
മലയണ്ണാൻ
'' ഇങ്ങന എന്തിന് കൃഷി ചെയ്യുകയാണെന്ന് ചിലപ്പോൾ തോന്നും. ലോക്ക്ഡൗൺ സമയത്ത് നട്ട കപ്പയും വാഴയുമടക്കം പന്നികൊണ്ടുപോയി. ഇപ്പോൾ കുരങ്ങും കൂട്ടത്തോടെ എത്തുന്നു''
രാജൻ, പൊന്തൻപുഴ
'' പന്നികൾ ഇപ്പോൾ നാട്ടിൽ തന്നെ പെറ്റുപെരുകുകയാണ്. കാടുപിടിച്ചു കിടക്കുന് റബർ തോട്ടങ്ങൾ ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്. വെടിവച്ചു കൊല്ലാനുള്ള നടപടികൾ പുരോഗമിക്കുന്നു''
പി.വി.വെജി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ