കട്ടപ്പന: സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തൊടുപുഴ ഡി.ഡി.ഇ. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. സോമൻ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ ബസ് ജീവനക്കാർക്ക് അടിയന്തര ധനസഹായം അനുവദിക്കുക, ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഓണറേറിയം അനുവദിക്കുക, ഇ.എസ്.ഐ, ഇൻഷൂറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 10 മാസത്തിലധികമായി ജോലിയില്ലാതെ സ്‌കൂൾ ബസ് തൊഴിലാളികൾ ദുരിതത്തിലെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാർത്ഥികൾ നൽകുന്ന തുകയിൽ നിന്നു നാമമാത്രമായ വേതനമാണ് മുമ്പ് ലഭിച്ചിരുന്നത്. ലോക്ക് ഡൗൺ കാലത്ത് അടിയന്തര സഹായം നൽകാൻ പോലും സ്‌കൂൾ അധികൃതരോ പി.ടി.എ. ഭാരവാഹികളോ തയാറായില്ല. സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്ന് ജീവനക്കാരുടെ വിവരശേഖരണം നടത്തിയെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭ്യമായിട്ടില്ല. യഥാസമയം വിവരശേഖരണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തയാറായില്ലെന്നും ജില്ലാ ഭാരവാഹികളായ എസ്. നൗഷാദ്, എം. സെന്തിൽകുമാർ, അജയ് ജോസഫ്, സന്തോഷ് വേഴമ്പത്തോട്ടം എന്നിവർ ആരോപിച്ചു.