
കുമരകം : കെ.ടി.ഡി.സിയുടെ പ്രീമിയം റിസോർട്ടായ വാട്ടർസ്കേപ്പ് ആധുനിക രീതിയിൽ നവീകരിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കുമരകം പക്ഷിസങ്കേതം ഉൾപ്പെടെ 102 ഏക്കറിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഡെസ്റ്റിനേഷൻ വെഡിംഗ് പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ വിശാലമായ പുൽത്തകിടി സജ്ജീകരിച്ചിട്ടുണ്ട്. അതിഥികൾക്ക് റിസോർട്ടിനകത്ത് സഞ്ചരിക്കാൻ ഇലക്ട്രിക് ബഗ്ഗി സൗകര്യങ്ങളും കായൽയാത്രയ്ക്ക് ബോട്ടിംഗ് സൗകര്യവും ലഭ്യമാണ്. 2001 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത റിസോർട്ട് 20 വർഷത്തിന് ശേഷമാണ് പുന:രുദ്ധാരണം നടത്തിയത്. 15 കോടിയാണ് ഇതിനായി ചെലവഴിച്ചത്. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, മുൻ എം.എൽ.എ വി.എൻ.വാസവൻ, ടൂറിസം ഡയറക്ടർ ബാലകിരൺ, ടൂറിസം സെക്രട്ടറി റാണി ജോർജ്, കെ.ടി.ഡി.സി എം.ഡി കൃഷ്ണതേജാ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു എന്നിവർ സംസാരിച്ചു.
ടൂർ പാക്കേജുകൾ
കൊച്ചി, മൂന്നാർ, തേക്കടി, കുമരകം, കോവളം എന്നീ ടൂറിസം സങ്കേതങ്ങളിലുള്ള കെ.ടി.ഡി.സിയുടെ പ്രീമിയം റിസോർട്ടുകളെ ബന്ധിപ്പിച്ച് ടൂർ പാക്കേജുകളുണ്ട്. കൊച്ചിയിലെ ബോൾഗാട്ടി പാലസ്, മൂന്നാറിലെ ടീകൗണ്ടി, തേക്കടിയിലെ ആരണ്യനിവാസ്, കോവളത്തെ സമുദ്ര എന്നീ റിസോർട്ടുകളാണ് പാക്കേജിൽ ഉൾപ്പെടുന്നത്.