ചങ്ങനാശേരി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും ചങ്ങനാശേരിയുടെ സമഗ്രവികസനം ഉയർത്തിക്കാട്ടിയും കേരളാ കോൺഗ്രസ് (എം) ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റി എട്ട് മുതൽ 11 വരെ നിയോജകമണ്ഡലത്തിൽ പദയാത്ര നടത്തുമെന്ന് പാർട്ടി ഉന്നതാധികാര സമതി അംഗം അഡ്വ.ജോബ് മൈക്കിൾ പത്രസമ്മേളനത്തിൽ പറഞ്ഞു.


നാളെ രാവിലെ ഒൻപതിന് മാമ്മൂട് കവലയിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന പദയാത്ര പാർട്ടി ഉന്നതാധികാര സമതി അംഗം അഡ്വ.ജോബ് മൈക്കിൾ നയിക്കും. മാമ്മൂടിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര തെങ്ങണാ വഴി മോസ്‌കോയിൽ എത്തിച്ചേരും. മൂന്നിന് മുണ്ടുപാലത്തുനിന്ന് ആരംഭിച്ച് വൈകിട്ട് ആറിന് കുന്നുംപുറം ജംഗ്ഷനിൽ സമാപിക്കും.

രണ്ടാംദിവസമായ ഒൻപതിന് രാവിലെ ഒൻപതിന് പായിപ്പാട് കവലയിൽ പാർട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് പദയാത്ര നാലുകോടി വഴി മുക്കാട്ടുപടിയിൽ എത്തിച്ചേരും. മൂന്നിന് ഇരൂപ്പായിൽ നിന്നും ആരംഭിച്ച് ആറിന് കുരിശുംമൂട് കവലയിൽ സമാപിക്കും. 10 ന് രാവിലെ ഒൻപതിന് കുരിശുംമൂട്ടിൽ നിന്നും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ പദയാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് വലിയകുളം വഴി ഏനാംചിറയിൽ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് ഏനാംചിറയിൽ നിന്നും, പുളിമൂട് ജംഗ്ഷൻ വഴി, കേളൻകവല, മന്ദിരം വഴി, കുറിച്ചി ഔട്ട്‌പോസ്റ്റിൽ ആറിന് സമാപിക്കും. അവസാന ദിവസമായ 11ന് വൈകുന്നേരം നാലിന് റെയിൽവേ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ച് 6.30ന് രണ്ടാംനമ്പർ ബസ് സ്റ്റാന്റിൽ സമാപിക്കും. സമാപന സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, നിയോജകമണ്ഡലം ജോ.സെക്രട്ടറി സോണി പുത്തൻപറമ്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.